മുംബൈ: കറന്‍സി റദ്ദാക്കലിനെ തുടര്‍ന്നു ബാങ്കുകള്‍ നിക്ഷേപ പലിശ കുറച്ചു തുടങ്ങി. ഏറ്റവും വലിയ ബാങ്ക് ആയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ചില കാലാവധിയിലുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 0.15 ശതമാനം കുറച്ചു. ഒരുവര്‍ഷം മുതല്‍ 455 ദിവസം വരെയുള്ള നിക്ഷേപത്തിന് 6.9 ശതമാനമായി കുറച്ചു. 211 ദിവസം മുതല്‍ ഒരു വര്‍ഷം വരെയുള്ളതിന് ഏഴു ശതമാനം പലിശ തുടരും.
എല്ലായിനം പലിശനിരക്കുകളും താഴുമെന്ന് എസ്ബിഐ ചെയര്‍പേഴ്സണ്‍ അരുന്ധതി ഭട്ടാചാര്യ പറഞ്ഞു. ആദ്യം നിക്ഷേപ പലിശയും പിന്നെ വായ്പാ പലിശയും എന്നതാകും ക്രമം.കനറാ ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവ കാല് ശതമാനം വരെയും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ ഒരു ശതമാനം വരെയും നിക്ഷേപ പലിശ കുറച്ചു.
റദ്ദാക്കപ്പെട്ട 500 രൂപ, 1000 രൂപ നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കുന്നതാണ് കാരണം. ഈയിനത്തില്‍ ആറു ദിവസം കൊണ്ട് എസ്ബിഐയില്‍ 1.14 ലക്ഷം കോടി രൂപയുടെ അധിക നിക്ഷേപം ഉണ്ടായി. എല്ലാ ബാങ്കുകളിലും കൂടി നാലു ലക്ഷം കോടി രൂപയുടെ അധിക നിക്ഷേപമാണ് ഇതിനകം എത്തിയത്.
രാജ്യത്തു പ്രചാരത്തിലുള്ള 16.42 ലക്ഷം കോടി രൂപയുടെ നോട്ടുകളില്‍ 14.2 ലക്ഷം കോടിയുടെ നോട്ടുകളാണ് റദ്ദാക്കിയത്. ഡിസംബര്‍ 30നകം ഇവ ബാങ്കില്‍ എത്തിക്കണം. പൂഴ്ത്തിവച്ചിരിക്കുന്ന കറന്‍സി ഇക്കാലയളവില്‍ എത്തും.ഇത്രയും വലിയ നിക്ഷേപം എത്തുന്നതിനനുസരിച്ചു വായ്പയ്ക്ക് ആവശ്യക്കാര്‍ ഉണ്ടാകില്ല. അതാണു നിക്ഷേപ–വായ്പാ പലിശകള്‍ കുറയ്ക്കാന്‍ കാരണം.അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാന്‍ അടുത്ത മാസം റിസര്‍വ് ബാങ്ക് തീരുമാനിക്കുന്ന പക്ഷം പലിശയില്‍ അര ശതമാനം മുതല്‍ മുക്കാല്‍ ശതമാനം വരെ കുറവ് വരുന്ന ആഴ്ചകളില്‍ ഉണ്ടാകും.