കോട്ടയം: വീട് ജപ്തി ചെയ്തതോടെ വീട്ടുവരാന്തയില്‍ കഴിഞ്ഞ് കുടുംബം. കോട്ടയം മുള്ളന്‍കുഴിയിലെ ശകുന്തളവും കുടുംബവുമാണ് 13 ദിവസമായി ജപ്തി ചെയ്ത വീടിന്റെ വരാന്തയില്‍ കഴിയുന്നത്.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഇടപെട്ടതോടെ വീട് തുറന്നുകൊടുക്കാമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.
സര്‍ഫാസി ആക്റ്റ് പ്രകാരം ആക്സിസ് ബാങ്കാണ് വീട് ജപ്തി ചെയ്തത്. ഭവനവായ്പ്പ എടുത്ത ആറു ലക്ഷം തിരിച്ച് അടയ്ക്കാത്തതിനാലാണ് നടപടി. 2016ലാണ് ഭവനവായ്പയായി ആറ് ലക്ഷം രൂപയെടുത്തത്. 2018 വരെ 90,000 രൂപ തിരികെ അടച്ചു.
പീന്നീട് പ്രളയവും കൊവിഡ് പ്രതിസന്ധിയും മൂലം ബാക്കി തുക അടയ്ക്കാന്‍ കഴിഞ്ഞില്ല. വീട് വിറ്റ് പണം അടയ്ക്കാമെന്ന് പറഞ്ഞിട്ടും ബാങ്ക് സാവകാശം തന്നില്ലെന്ന് വീട്ടുകാര്‍ ആരോപിച്ചു.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ വീട്ടിലെത്തി ബാങ്ക് അധികൃതരുമായി ഫോണില്‍ ബന്ധപ്പെട്ടതോടെ വീട് തുറന്നു നല്‍കാമെന്ന് അറിയിച്ചു. വായ്പ തിരിച്ചടയ്ക്കാന്‍ സാവകാശം നല്‍കാമെന്നും അധികൃതര്‍ അറിയിച്ചു.