തൃശൂര്‍: പുത്തൂരില്‍ ജപ്തിഭീഷണിയെതുടര്ന്ന് കര്ഷകന് ജീവനൊടുക്കിയ സംഭവത്തില്‍ ബാങ്കിനെതിരേ കൃഷിമന്ത്രി. സര്‍ക്കാരിനു വീഴ്ചയുണ്ടായിട്ടില്ലെന്നും, ജില്ലാ കളക്ടറോടു റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. മൊറട്ടോറിയം കാലാവധി സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനങ്ങള്‍ നിലനില്‍ക്കേ ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടായതു നിരുത്തരവാദപരമായ സമീപനമാണ്. ജപ്തിനടപടികള്‍ തീരുമാനിക്കുന്നതിനു മുമ്പു ചെയ്യേണ്ട നടപടിക്രമങ്ങള്‍ ബാങ്കുകള്‍ പാലിക്കുന്നുമില്ല.
ചില ബാങ്കുകള്‍ ധിക്കാര സമീപനം തുടരുകയാണെന്നും ഇത്തരം ബാങ്കുകളുമായി യാതൊരു സഹകരണത്തിനും സര്ക്കാരുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. ജപ്തിനോട്ടീസ് നല്കുന്ന നടപടിയില്‍നിന്നും ബാങ്കുകള്‍ പിന്തിരിയണമെന്നും കര്‍ഷകരെ മനഃപൂര്പം ദ്രോഹിക്കുന്ന നയങ്ങളില്‍നിന്നും പിന്മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു. മരോട്ടിച്ചാല്‍ രാഗം റോഡിനു സമീപം തട്ടില്‍ പഴുങ്കാരന്‍ ദേവസി ഔസേപ്പ്(87) ആണ് കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തത്. വീട്ടിനുള്ളില്‍ വിഷംകഴിച്ച നിലയില്‍ കണ്ടെത്തിയ ഔസേപ്പിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഒരേക്കര്‍ സ്ഥലം പാട്ടത്തിനെടുത്താണ് ഔസേപ്പ് വാഴകൃഷി ചെയ്തിരുന്നത്. ഇതിനായി 10 സെന്റ് സ്ഥലവും വീടും പണയംവച്ച് ബാങ്ക് ഓഫ് ഇന്ത്യയുടെ മരോട്ടിച്ചാല്‍ ശാഖയില്‍ നിന്ന് 75,000 രൂപ വായ്പ എടുത്തിരുന്നു. കേരള ഗ്രാമീണ്‍ ബാങ്കില്‍നിന്ന് 50,000 രൂപയും എടുത്തിരുന്നു. കൃഷി നശിച്ചതോടെ വായ്പ തിരിച്ചടവ് മുടങ്ങി. ബാങ്കില്‍നിന്ന് ജപ്തി നോട്ടീസ് വന്നതോടെ ഔസേപ്പ് മാനസിക വിഷമത്തിലായിരുന്നു.
കഴിഞ്ഞ രണ്ടുവര്‍ഷത്തെ പ്രളയത്തിലും ഔസേപ്പിനു കനത്ത നഷ്ടമുണ്ടായി. ജപ്തിനോട്ടീസ് ലഭിച്ചതിനു പിന്നാലെ സാവകാശം തേടി ബാങ്ക് മാനേജരെ ഔസേപ്പ് സമീപിച്ചു. എന്നാല്‍, മൊറട്ടോറിയം കാലാവധി അവസാനിച്ചുവെന്നും കൂടുതല്‍ സമയം അനുവദിക്കില്ലെന്നും ബാങ്ക് നിലപാടെടുത്തു. ഇതേത്തുടര്‍ന്ന് കടുത്ത മാനസികസംഘര്‍ഷത്തിലായിരുന്നു ഔസേപ്പെന്നു ബന്ധുക്കള്‍ പറയുന്നു. പ്രളയത്തിനുശേഷം സര്‍ക്കാര്‍ സഹായം ലഭിച്ചിട്ടില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.