നാദാപുരം: ബാങ്കിൽ നിന്നെടുത്ത വായ്പ മുടങ്ങിയതിനെ തുടർന്ന് കല്ലാച്ചിയിൽ ബാങ്ക് അധികൃതർ വീട് ജപ്തി ചെയ്തു. മിനി സിവിൽ സ്റ്റേഷൻ പരിസരത്തെ പാറോള്ളതിൽ ബിജുമോന്റെ ഉടമസ്ഥതയിലുള്ള വീടും പറമ്പുമാണ് അധികൃതർ ജപ്തി ചെയ്തത്.
തിങ്കളാഴ്ച ഉച്ചയോടെയാണ് ബാങ്ക് അധികൃതർ പോലീസുമായെത്തി വീട് പൂട്ടി സീൽ ചെയ്തത്. ഈ സമയം ബിജുമോന്റെ മാതാവ് പ്രേമ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. നാല് വർഷം മുമ്പാണ് ബിജു ഓർക്കാട്ടേരിയിലെ സിൻഡിക്കേറ്റ് ബാങ്കിൽ നിന്ന് ലോൺ എടുത്തത് തിരിച്ചടവ് മുടങ്ങിയതോടെ പലിശയും, മുതലുമായി 51 ലക്ഷം രൂപയായെന്നും നിരവധി തവണ അവധികൾ കൊടുത്തെന്നും ഇത് പാലിക്കാതായതോടെയാണ് ജപ്തി നടപ്പിലാക്കിയതെന്നും ബാങ്ക് അധികൃതർ പറഞ്ഞു.
ഈ സമയം വീട്ടിലുണ്ടായിരുന്ന മാതാവിനെ ബന്ധുക്കളെത്തി കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ബാങ്ക് അധികൃതർക്ക് സുരക്ഷ ഒരുക്കാൻ നാദാപുരം പോലീസിന്റെ സഹായം തേടിയിരുന്നു.