തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്തിടെയുണ്ടായ കർഷക ആത്മഹത്യകൾ ചൊവ്വാഴ്ച ചേരുന്ന മന്ത്രിസഭായോഗം പ്രത്യേകം ചർച്ച ചെയ്യും. പ്രളയം കർഷകർക്ക് ഇരുട്ടടി സമ്മാനിച്ച പശ്ചാത്തലത്തിൽ കാർഷിക വായ്പകൾക്ക് സർക്കാർ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു.
എന്നാൽ സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാൻ തയാറാകാതെ ബാങ്കുകൾ ജപ്തി നടപടികളുമായി മുന്നോട്ടുപോകുന്നതാണ് കർഷകരെ സമ്മർദ്ദത്തിലാക്കാൻ കാരണമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.
നിലവിലെ സാഹചര്യത്തിൽ എന്ത് നടപടി സ്വീകരിക്കാൻ കഴിയുമെന്നാകും ചൊവ്വാഴ്ചത്തെ മന്ത്രിസഭായോഗം പരിഗണിക്കുക. മുഖ്യമന്ത്രി ബാങ്കുകളുടെ യോഗം വിളിച്ചു ചേർക്കുന്ന കാര്യവും മന്ത്രിസഭായോഗം ചർച്ച ചെയ്യും.
അതേസമയം സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ യോഗവും ചൊവ്വാഴ്ച ചേരുന്നുണ്ട്. കാർഷിക വായ്പ സംബന്ധിച്ച വിഷയം ഈ യോഗത്തിലും ചർച്ചയാകും. സർക്കാർ ഗ്യാരണ്ടി നൽകാതെ കാർഷിക വായ്പകളിേ·ൽ നടപടി നിർത്തിവയ്ക്കില്ലെന്നാണ് ബാങ്കുകളുടെ നിലപാട്.