കാഞ്ഞാണി: വീട് ജപ്തി ചെയ്യാൻ അധികൃതർ എത്തുന്നതിനുമുന്പേ യുവാവ് വീടിനുള്ളിൽ തൂങ്ങി മരിച്ചു. മണലൂർ പഞ്ചായത്തിലെ ആറാം വാർഡ് ചെമ്പൻ വിനയന്റെ മകൻ വിഷ്ണു (25) ആണ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്.
വീട് നിർമാണത്തിന് ബാങ്കിൽ നിന്നും എടുത്ത വായ്പ തിരിച്ചടക്കാത്തതിന്റെ പേരിൽ വീട് ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ എത്തുന്നതിൻ മണിക്കൂറുകൾക്ക് മുന്പാണ് യുവാവ് ജീവനൊടുക്കിയത്.
വീടിന്റെ നിർമാണത്തിന് സ്വകാര്യ ബാങ്ക് കാഞ്ഞാണി ശാഖയിൽ നിന്നും പിതാവ് വിനയൻ എട്ടുലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇതിൽ പലിശയും മുതലും സഹിതം 8,74,000 രൂപ തിരിച്ചടച്ചിരുന്നു.
ബാക്കിയുള്ള ആറ് ലക്ഷം രൂപ അടക്കാൻ ബാങ്ക് ആവശ്യപ്പെട്ട അവധി കഴിഞ്ഞിരുന്നു. തുടർന്ന് ഇന്ന് വീട് ഒഴിഞ്ഞ് താക്കോൽ കൈമാറണമെന്ന് ബാങ്ക് അധികൃതർ ആവശ്യപ്പെട്ടിരുന്നു. വീട്ടുകാർ സാധനങ്ങല്ലാം ഒതുക്കി ബന്ധു വീട്ടിലേക്ക് മാറാൻ തയാറെടുക്കുന്നതിനിടെയാണ് യുവാവ് വീടിനുള്ളിൽ ആത്മഹത്യ ചെയ്തത്.
ബാങ്ക് അധികൃതരുടെ നടപടിയിൽ മനംനൊന്താണ് യുവാവ് ആത്മാത്യ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിച്ചു. ബാങ്ക് അധികൃതരുടെ നടപടിക്കെതിരെ ആക്ഷൻ കൗൺസിൽ രൂപീകരിക്കുമെന്നും കുടുംബത്തിന് നീതി കിട്ടും വരെ സമരം നടത്തുമെന്നും വാർഡംഗം ടോണി അത്താണിക്കൽ പറഞ്ഞു.
മൃതദേഹം ജില്ല ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടത്തിന് ശേഷം നാലിന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ സംസ്കരിക്കും. അമ്മ: ഓമന. സഹോദരൻ: വിനിൽ