കൊടകര: ഭാര്യയുടെ പേരിൽ എടുത്ത വായ്പാകുടിശിക അടച്ചുതീർത്തില്ലെങ്കിൽ ജപ്തി നടപടിയുണ്ടാകുമെന്ന് ബാങ്ക് അധികൃതർ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച്് ജില്ല സഹ.ബാങ്കിന്റെ കൊടകര ശാഖയിലെത്തി ആത്മഹത്യ ഭീഷണി മുഴക്കി. ആളൂരിലെ ഓട്ടോതൊഴിലാളിയായ കൊപ്രക്കളം സ്വദേശി വാഴോട്ടുകുടി 49 വയുള്ള സതീഷ്കുമാറാണ് ഇന്നലെ രാവിലെ 11 ഓടെ പെട്രോൾ നിറച്ച കന്നാസുമായി കൊടകര വെള്ളിക്കുളം റോഡിലുള്ള ബാങ്കിൽ ആത്മഹത്യ ഭീഷണിയുമായെത്തിയത്.
പോലിസെത്തി ഇയാളെ അനുനയിപ്പിച്ച് മടക്കി അയക്കുകയായിരുന്നു. 2011ൽ ബാങ്കിൽ നിന്ന് നാലുലക്ഷത്തോളം രൂപ ഇയാൾ ഭാര്യുടെ പേരിൽ വായ്പയെടുത്തിരുന്നു. സാധിക്കുന്ന വിധത്തിൽ വായ്പ തിരിച്ചടക്കാറുണ്ട. ഇപ്പോൾ ഭീമമായ തുക കുടിശികയുള്ളതിനാൽ ജപ്തിനടപടി സ്വീകരിക്കുമെന്നാണ് ബാങ്കധികൃതർ പറയുന്നതെന്ന് സതീഷ് കുമാർ പറഞ്ഞു. വിവാഹ പ്രായമെത്തിയ രണ്ടുപെണ്മക്കളാണ് തനിക്കുള്ളത്.
പലിശ ഒഴിവാക്കി സാവകാശം തന്നാൽ വായ്പ തുക ഗഡുക്കളായി തിരിച്ചടക്കാൻ തയ്യാറാണെന്ന് ഇയാൾ പറഞ്ഞു.
രാവിലെ പതിനൊന്നരയോടെ കന്നാസിൽ പെട്രോളുമായി എത്തിയ ഇയാൾ ആത്മഹത്യ ഭീഷണി മുഴക്കിയ ശേഷം ബാങ്കിനുള്ളിൽ ഇടപാടുകാർക്കായി ഇട്ടിട്ടുള്ള ഇരിപ്പിടത്തിൽ ഇരിക്കുകയായിരുന്നു.
വിവരമറിഞ്ഞ് കൊടകര പോലിസ് എത്തി നടത്തിയ അനുനയ ശ്രമത്തിനൊടുവിലാണ് ഇയാൾ പിൻതിരിയാൻ തയ്യാറായത്. പെട്രോൾ നിറച്ച കന്നാസ് പോലിസ് നീക്കം ചെയ്തു. പലിശയിൽ ഇളവുനൽകണമെന്നാവശ്യപ്പെട്ടുള്ള ഇയാളുടെ അപേക്ഷ ജില്ല ബാങ്ക് അധികൃതർക്ക് അയച്ചുകൊടുത്ത് അനുകൂല നടപടിക്ക് ശ്രമിക്കാമെന്ന്് ബാങ്കധികൃതരുടെ ഉറപ്പിനെ തുടർന്നാണ് സതീഷ്കുമാർ പിൻമാറിയത്.
പോലിസ് ഇടപെട്ട് ഭാര്യയെ വിളിച്ചുവരുത്തി ഉച്ചയ്ക്ക് ഒന്നരയോടെ ഇയാളെ വീട്ടിലേക്കയച്ചാണ് പ്രശ്നം പരിഹരിച്ചത്. അതേ സമയം 2011ൽ സതീഷ്കുമാറിന്റെ ഭാര്യ ജയന്തിയുടെ പേരിൽ എടുത്ത വായ്പാ തുകയിൽ 71000 രൂപയോളമാണ് കുടിശികയുള്ളതെന്ന് ബാങ്ക് അധികൃതർ പറഞ്ഞു. വായ്പാ തുക 3,92000 രൂപയും അടച്ചു തീർക്കാനുണ്ട്.
സഹകരണ നിയമ പ്രകാരം കുടിശിക അടച്ചുതീർക്കണമെന്നും അല്ലാത്ത പക്ഷം നിയമാനുസൃതമായ നടപടി സ്വീകരിക്കുമെന്നു മാത്രമേ തങ്ങൾ അറിച്ചിട്ടുള്ളുവെന്നും അധികൃതർ അറിയിച്ചു.