
കാട്ടാക്കട: ബാങ്ക് ജപ്തിയിൽ മനം നൊന്ത് വയോധികൻ ആത്മഹത്യ ചെയ്തു. കേരള സംസ്ഥാന സഹകരണ ബാങ്ക് ജപ്തി നടപടിക്കാെരുങ്ങി പൂവച്ചൽ പഞ്ചായത്തിൽ ദേവൻ കോട് , ഇളംപ്ലാമ്മൂട് റ്റി. എസ് ഭവനിൽ സുകുമാരൻ (സ്റ്റീഫൻ 65 ) ആണ് ഇന്നലെ രാത്രിയിൽ വീട്ടിലെ പുരയിടത്തിലെ പ്ലാവിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കേരള സംസ്ഥാന സഹകരണ ബാങ്കിൽ നിന്നും സ്റ്റീഫൻ 4 ലക്ഷം രൂപ ലോൺ എടുത്തിരുന്നു. തുടർന്ന് 2.5 ലക്ഷം അടച്ചു. അതിനു ശേഷം മകൻ രഞ്ജിത്തിന് 2018- ൽ 6,50,000 രൂപയായി പുതുക്കി നൽകിയിരുന്നു. തുടർന്ന് 9000 രൂപ വച്ച് ഏഴു മാസം അടയ്ക്കുകയും ചെയ്തു.
ഇതിനിടെ അച്ഛന്റെ ചികിത്സ ഭാര്യയുടെ പ്രസവം എല്ലാം കൂലിപ്പണിക്കാരനായ രഞ്ജിത്തിനെ അമിത ബാധ്യതയിൽ എത്തിച്ചു. ഈ അവസ്ഥയിൽ അടവ് മുടങ്ങിയതിനെ തുടർന്നാണ് ബാങ്ക് നടപടി എടുത്തത്.
കഴിഞ്ഞ രണ്ടു ദിവസം മുൻപ് ബാങ്ക് വീട്ടിൽ ജപ്തി നോട്ടീസ് പതിച്ചു. ഇതോടെ സ്റ്റീഫൻ മനംനൊന്ത് കഴിയുകയായിരുന്നുവെന്ന് രഞ്ജിത്ത് പറഞ്ഞു.
ബാങ്കിൽ നിന്നും നിരന്തരമായി വിളി എത്തിയതോടെ താൻ മരിക്കാൻ പോകുകയാണെന്ന് സ്റ്റീഫൻ പറയുമായിരുന്നു. ഇതിനിടയിലാണ് തുങ്ങിമരിച്ചത്. അച്ഛനെ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തൂങ്ങി നിൽക്കുന്നതായി കണ്ടത്.
കാട്ടാക്കട പോലീസിൽ വിവരം അറിയിച്ചു. ഇന്ന് രാവിലെ പോസ്റ്റ്മാർട്ടം നടത്തും. അതിനിടെ ആർഡിഒയുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് തയാറാക്കണമെന്ന് മകനും നാട്ടുകാരും പറയുന്നു.