മഞ്ചേരി: ബാങ്കിൽ നിക്ഷേപിച്ച തുക പാസ് ബുക്കിലുണ്ടെങ്കിലും ബാങ്ക് രേഖകളിൽ അതു കാണാനില്ല. പരിഭ്രാന്തരായ നിക്ഷേപകർ ഇന്നലെ ബാങ്ക് ഉപരോധിച്ചു. മഞ്ചേരി ആനക്കയം സർവീസ് സഹകരണ ബാങ്കിലാണ് ഞെട്ടിക്കുന്ന തിരിമറി നടന്നത്. ഏഴു കോടിയോളം രൂപയാണ് ബാങ്ക് രേഖകളിൽ കാണാതായത്.
സംഭവവുമായി ബന്ധപ്പെട്ടു ബാങ്ക് യുഡി ക്ലാർക്ക് കെ.വി സന്തോഷ് കുമാറിനെ സസ്പെൻഡ് ചെയ്തതായി ബാങ്ക് അധികൃതർ അറിയിച്ചു. അതേസമയം നിക്ഷേപകരുടെ ആശങ്ക അകറ്റുന്ന രീതിയിലുള്ള ഒരു പ്രതികരണവും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. 2017-2018 സാന്പത്തിക വർഷത്തിൽ 237 നിക്ഷേപകരിൽ നിന്നാണ് ഇത്രയും തുക ബാങ്ക് നിക്ഷേപമായി സ്വീകരിച്ചത്.
ചില നിക്ഷേപകർ പണം പിൻവലിക്കാനായി ബാങ്കിലെത്തിയപ്പോഴാണ് അക്കൗണ്ടിൽ പണമില്ലെന്ന കാര്യം കണ്ടെത്തിയത്. തുടർന്ന് ബാങ്ക് മാനേജരുടെ പരാതിയിൽ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ വിനോദ് നടത്തിയ അന്വേഷണത്തിൽ കെ.വി സന്തോഷ് കുമാർ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും സർക്കാരിനു റിപ്പോർട്ട് നൽകുകയും ചെയ്തു. തുടർന്ന് 2018 നവംബറിൽ സന്തോഷ്കുമാറിനെ സസ്പെൻഡ് ചെയ്തിരുന്നു.
അതോടൊപ്പം സന്തോഷ് കുമാറിന്റെയും അമ്മാവന്റെയും മാതാവിന്റെയും സ്വത്തുക്കൾ വിറ്റ് ബാങ്കിലേക്കു അടക്കാൻ മൂന്നു കരാറുകൾ ഉണ്ടാക്കിയതായി ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി ഇ. മുഹമ്മദ് ബഷീർ അറിയിച്ചു. എന്നാൽ ഏഴു കോടി രൂപ നഷ്ടപ്പെട്ട ബാങ്കിനു കരാർ പ്രകാരം ലഭിച്ച സ്വത്തുക്കൾ കേവലം അഞ്ച് ലക്ഷം രൂപക്ക് താഴെ മാത്രമായിരിക്കുമെന്നും അറിയുന്നു.
പ്രതിസ്ഥാനത്ത് ചേർക്കപ്പെട്ട സന്തോഷ് കുമാറിനെതിരെ വകുപ്പുതല അന്വേഷണത്തോടൊപ്പം മഞ്ചേരി പോലീസും വിജിലൻസും അന്വേഷണം നടത്തി വരുന്നുണ്ട്. എന്നാൽ സസ്പെൻഷനിലായ സന്തോഷ്കുമാറിനു ബാങ്ക് ശന്പളം ഇപ്പോഴും ശന്പളം നൽകി വരുന്നതായും അസിസ്റ്റന്റ് സെക്രട്ടറി പറഞ്ഞു. നിക്ഷേപകർ സമരസമിതി രൂപവത്കരിച്ച് പ്രക്ഷോഭത്തിനു തയാറെടുക്കുകയാണ്.
ഇന്നലെ രാവിലെ പത്തിനു ബാങ്ക് പരിസരത്ത് നടന്ന പ്രതിഷേധ ധർണ സെക്രട്ടറി അബ്ദുള്ള ഹാജി തറമണ്ണിൽ ഉദ്ഘാടനം ചെയ്തു. കണ്വീനർ ഗിരീഷ് കറുകയിൽ, ശങ്കരനാരായണ മേനോൻ, രാമൻ നന്പൂതിരി എന്നിവർ പ്രസംഗിച്ചു.