മുംബൈ: നാലു പൊതുമേഖലാ ബാങ്കുകളെ പരസ്പരം ബന്ധിപ്പിക്കാൻ കേന്ദ്രം ആലോചിക്കുന്നു. ബാങ്ക് ഓഫ് ബറോഡ, ഐഡിബിഐ ബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയെ ലയിപ്പിക്കാനാണു ശ്രമം. ഒന്നിച്ചു ചേർന്നാൽ 16.58 ലക്ഷം കോടി രൂപ ആസ്തിയുണ്ടാകും ഇവയ്ക്ക്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞാൽ ഏറ്റവും വലിയ ബാങ്കാകും ഈ സംയുക്തം.
കിട്ടാക്കടങ്ങൾ പെരുകുന്നതാണ് ലയനനീക്കം പുനരുജ്ജീവിപ്പിക്കാൻ കാരണം. മാർച്ചിലവസാനിച്ച ധനകാര്യ വർഷം 21,646.38 കോടി രൂപയാണ് ഈ ബാങ്കുകളുടെ സംയുക്ത നഷ്ടം. ഐഡിബിഐ 8237.92 കോടി, ഓറിയന്റൽ 5871.74, സെൻട്രൽ ബാങ്ക് 5104.91, ബാങ്ക് ഓഫ് ബറോഡ 2431.81 എന്നിങ്ങനെയാണ് ഓരോ ബാങ്കിന്റെയും നഷ്ടം.
ലയനം വഴി ശാഖകളുടെ എണ്ണം കുറയ്ക്കാം. ഭരണച്ചെലവിനും കുറവു വരാം.ഇതിനിടെ, ഐഡിബിഐ ബാങ്കിന്റെ 51 ശതമാനം ഓഹരി വില്ക്കുന്നതിനെപ്പറ്റിയും കേന്ദ്രം ആലോചിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി മേയ് 25നു ചേർന്ന ഡയറക്ടർ ബോർഡ് ബാങ്കിന്റെ അംഗീകൃത മൂലധനം 4,500 കോടി രൂപയിൽനിന്ന് 8,000 കോടി രൂപയായി വർധിപ്പിക്കാൻ തീരുമാനിച്ചു. അധിക ഓഹരി വിദേശിയും സ്വദേശിയുമായ നിക്ഷേപ സ്ഥാപനങ്ങൾക്കു നല്കാനാകും തീരുമാനിക്കുക.
2016ലെ ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി ജയ്റ്റ്ലി, ഐഡിബിഐ ബാങ്കിലെ സർക്കാർ ഓഹരി കുറയ്ക്കുമെന്നു പറഞ്ഞിരുന്നതാണ്. അധിക ഓഹരി വിറ്റ് പതിനായിരം കോടി രൂപയെങ്കിലും സമാഹരിക്കാമെന്നു ഗവൺമെന്റ് പ്രതീക്ഷിക്കുന്നു.