പാലക്കാട്: വിദ്യാഭ്യാസ വായ്പ നൽകുന്നതിൽ ബാങ്കുകൾ ഉദാര സമീപനം സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ ഡി. ബാലമുരളി പറഞ്ഞു. ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗത്തിലാണ് ജില്ലാ കളക്ടർ ഇക്കാര്യം പറഞ്ഞത്. പുതിയ അധ്യയനവർഷം ലഭിക്കുന്ന വിദ്യാഭ്യാസ വായ്പ അപേക്ഷകളിൽ അർഹരായവർക്ക് ആവശ്യമായ തുക അനുവദിക്കണം.
വായ്പാ നടപടികൾ ലളിതമാക്കാനും വിദ്യാർഥികൾക്ക് ബോധവത്ക്കരണം നൽകാനും ബാങ്ക് അധികൃതർ മുൻകൈയെടുക്കണം. ചെറുകിട വ്യാവസായിക മേഖലക്കായുള്ള മുദ്ര ലോണുകൾ കൂടുതലായി അനുവദിക്കണമെന്നും ജില്ലാ കളക്ടർ യോഗത്തിൽ പറഞ്ഞു.
ജില്ലയിലെ വായ്പാ-നിക്ഷേപ അനുപാതം 67 ശതമാനമാണ്. 440 വിദ്യാഭ്യാസ വായ്പ അപേക്ഷയിൽ 9.3 കോടി വായ്പ അനുവദിച്ചു. 2333 സ്വയം സഹായ സംഘങ്ങൾക്ക് 59.6 കോടി നൽകി. ജില്ലയിലെ കർഷകർക്ക് കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ 23137 കിസാൻ ക്രെഡിറ്റ് കാർഡുകൾ വഴി 257.32 കോടിയും മുദ്ര ലോണ്‍ വിഭാഗത്തിൽ 15828 അപേക്ഷകളിൽ 97.20 കോടിയും അനുവദിച്ചതായി യോഗം വിലയിരുത്തി.
ഹോട്ടൽ ഗസാലയിൽ നടന്ന പരിപാടിയിൽ ലീഡ് ഡിസ്ട്രിക്ട് മാനെജർ ഡി.അനിൽ, കാനറാ ബാങ്ക് അസി.ജനറൽ മാനെജർ സി.എം. ഹരിലാൽ, റിസർവ് ബാങ്ക് പ്രതിനിധി ഹരിദാസ്, നബാർഡ് ഡി.ഡി.എം. രമേഷ് വേണുഗോപാൽ, വിവിധ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥർ പങ്കെടുത്തു.