കൊയിലാണ്ടി ; കൊയിലാണ്ടി എസ്ബിഐ ശാഖയില്‍ നിന്ന് (മുന്‍ എസ്ബിടി)ആധാരം പണയപ്പെടുത്തി വായ്പയെടുത്തയാളുടെ പണയാധാരം ബാങ്കില്‍ നിന്ന് നഷ്ട്ടപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് വായ്പയെടുത്തയാളും കുടുംബവും ബാങ്കില്‍ കുത്തിയിരുന്നു. കൊയിലാണ്ടി ചെങ്ങോട്ടുകാവ് മേലൂരിലെ ശ്രീമുദ്രയില്‍ കെ.വി.രഘുനാഥിന്റെ ആധാരമാണ് ബാങ്കില്‍നിന്നും നഷ്ട്ടപ്പെട്ടത്. 2016 ലാണ് രഘുനാഥ് തന്റെ സ്ഥാപനമായ ഗ്രെയ്സ് ഓട്ടോ വേള്‍ഡ് നടത്താനായി കൊയിലാണ്ടി ടൗണ്‍ ബ്രാഞ്ച് എസ്ബിഐയില്‍ മുദ്രാ ലോണ്‍ എടുക്കാനായി എത്തിയത്. എന്നാല്‍ ബാങ്കുകാര് അത് ബിസിനസ് ലോണ്‍ ആയി 10 ലക്ഷം അനുവദിക്കുകയും ചെയ്തു.
വായ്പയായി വീടിന്റെ ആധാരവും ഭാര്യയുടെ ശമ്പള സര്‍ട്ടിഫിക്കറ്റും പണയമായിവച്ചത്. കൃത്യമായി വായ്പ അടവ് അടച്ച് വരുന്നതിനിടയില്‍ ചില കാരണങ്ങളാല്‍ തിരിച്ചടവ് മുടങ്ങിയിരുന്നു. ഇതേ തുടര്‍ന്ന് ബാങ്ക് അധികൃതര്‍ രഘുനാഥിന്റെ സ്ഥാപനത്തില്‍ എത്തുകയും, പണം അടക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. മാത്രമല്ല വീട്ടില്‍ നോട്ടീസ് പതിക്കുകയും ചെയ്തിരുന്നു. വില്ലേജ് ഓഫീസിലെക്കുള്ള ഒരാവശ്യത്തിന് ബാങ്കില്‍ നിന്ന് ആധാരം വാങ്ങാന്‍ പോയപ്പോഴാണ് ആധാരം കാണാതായ വിവരം അറിഞ്ഞത്.
തുടര്‍ന്ന നാല് തവണ വിവരാവകാശ നിയമ പ്രകാരം ചോദിച്ചപ്പോഴും ആധാരത്തിനായി തിരയുകയാണെന്ന മറുപടിയാണ് ലഭിച്ചത്. തുടര്‍ന്ന് മുന്‍സീഫ് കോടതിയില്‍ പരാതി നല്കി. ഇതിനിടയില്‍ ബാങ്കിന്റെ ട്രൈബ്യൂണലിലേക്ക് കേസ് മാറ്റിയിരുന്നു. അഞ്ച് ലക്ഷത്തോളം രൂപ വായ്പ വകയില്‍ രഘുനാഥ് ബാങ്കില്‍ അടച്ചിരുന്നു.
ഡിആര്ഡിയില് നിന്നുളള ഒത്തുതീര്‍പ്പ് വ്യവസ്ഥ പ്രകാരം ബാക്കി തുകയായ 10 ലക്ഷത്തോളം അടക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. വെള്ളിയാഴ്ച ബാങ്കിലെത്തിയപ്പോഴാണ് വക്കീല്‍ ഫീസടക്കം 11 ലക്ഷം അടക്കണമെന്ന് ആവശ്യപ്പെട്ടത്. ബാങ്ക് ഏര്‍പ്പെത്തിയ വക്കീലിന്റെ ഫീസു വെര രഘുനാഥിനോട് ഈടാക്കുകയായിരുന്നു. തുടര്‍ന്ന് ഭാര്യയുടെ താലിമാല പണയംവച്ചാണ് ഒരു ലക്ഷം കൂടി സംഘടിപ്പിച്ചത്.
10 ലക്ഷം വായ്പ എടുത്തതിന് പലിശയടക്കം മൊത്തം 16,36,367 രൂപ അടച്ച് തീര്‍ത്തിട്ടും ആധാരം നല്കാന് ബാങ്ക് അധികാരികള്‍ തയാറായില്ലെന്ന് രഘുനാഥ് പറഞ്ഞു.ബാങ്കിന്റെ കൈവശത്തുനിന്നും ആധാരം നഷ്ട്ടപ്പെട്ടതിനെതിരെ നിയമ പോരാട്ടം തുടരുമെന്ന് രഘുനാഥ് പറഞ്ഞു. ഉപഭോക്തൃ കോടതിയെയും സമീപിക്കും. കൊയിലാണ്ടി സിഐ കെ. ഉണ്ണിക്കൃഷ്ണൻ സ്ഥലത്തെത്തി ബാങ്ക്മാനേജരുമായും രഘുനാഥുമായും സംസാരിച്ചു.
വായ്പ കുടിശിക ആയതിനാൽ ബാങ്ക് തുടർനടപടികൾ കൈകൊള്ളുകയും, അതിനെ ചോദ്യം ചെയ്ത് വായ്പകാരൻ ഹൈക്കാടതിയെ സമീപിക്കുകയും ചെയ്തിരുന്നുവെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.ആധാരം കൈമോശം വന്ന വിവരം കോടതിയെ ബോധിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് കോടതി ഉത്തരവ് പ്രകാരം വായ്പക്കാരൻ ഇന്ന് വായ്പ തിരിച്ചടക്കുകയും വായ്പ തിരിച്ചടച്ച് തീർത്തതിനാൽ അദ്ദേഹത്തിന് ആധാരത്തിന്റെ സർട്ടിഫൈ പകർപ്പ് നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചിരുന്നതായും കോഴിക്കോട് റീജണൽ മാനേജർ അറിയിച്ചു.