പത്തനംതിട്ട: അമ്മയെ സംരക്ഷിക്കാൻ ഏതാനും ദിവസത്തെ അവധി ചോദിച്ച വനിതാ അസിസ്റ്റന്റ് ബാങ്ക് മാനേജരെ ബ്രാഞ്ച് മാനേജരും പ്യൂണും ചേർന്ന് മർദിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ. വനിതാ അസിസ്റ്റന്റ് മാനേജർക്ക് അടിയന്തരമായി മറ്റൊരു ശാഖയിലേക്കു സ്ഥലംമാറ്റം നൽകണമെന്ന് കമ്മീഷൻ നിർദേശിച്ചു.
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ ഏഴുമറ്റൂർ ശാഖാ മാനേജർക്കെതിരേ പത്തനംതിട്ട സ്വദേശിനിയായ വനിതാ അസിസ്റ്റന്റ് മാനേജർ സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരിയുടെ ഇടക്കാല ഉത്തരവ്. ഉദ്യോഗസ്ഥയ്ക്ക് അവധി അനുവദിക്കണമെന്നും ക്രെഡിറ്റിൽ അവധിയുള്ള സാഹചര്യത്തിൽ കുടിശിക ശമ്പളം ഉടൻ നൽകണമെന്നും ഉത്തരവിൽ പറയുന്നു.
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം റീജിയണൽ മാനേജർക്കാണ് കമ്മീഷൻ ഉത്തരവ് നൽകിയത്.ജോലി സ്ഥലത്തെ സ്ത്രീകൾക്കെതിരേയുള്ള ലൈംഗിക പീഡനം (തടയലും നിരോധനവും പരിഹാരവും) നിയമം 2013ന്റെ പരിധിയിൽ വരുന്ന കുറ്റകൃത്യമാണ് ശാഖാ മാനേജറും വനിതാ പ്യൂണും ചേർന്ന് നടത്തിയതെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
തനിക്കു നേരേയുണ്ടായ ആക്രമണം ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പരാതിക്കാരിയുടെ ഹർജിയിൽ ഹൈക്കോടതി പാസാക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം പൂർത്തിയാക്കിയ ശേഷം പരാതിക്കാരിക്ക് കമ്മീഷനെ സമീപിക്കാമെന്നും ഉത്തരവിൽ പറഞ്ഞു.