ചാലക്കുടി: പോട്ടയിലെ ഫെഡറൽ ബാങ്ക് ശാഖയിൽനിന്നു കത്തി കാട്ടി 15 ലക്ഷം രൂപ കൊള്ളയടിച്ച പ്രതിക്കു വേണ്ടി സംസ്ഥാനത്തിനകത്തും പുറത്തും അന്വേഷണം ഊർജിതമാക്കി പോലീസ്. സിസിടിവി ദൃശ്യങ്ങൾ പോലീസ് പരക്കെ പരിശോധിച്ചു വരികയാണ്. സ്ഥിരം മോഷ്ടാക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.
കവർച്ചാസമയത്ത് മോഷ്ടാവ് ഹിന്ദിയിലാണ് സംസാരിച്ചതെങ്കിലും അത് അന്വേഷണം വഴിതെറ്റിക്കാനാണോ എന്ന സംശയമുണ്ട്. ബാങ്ക് കവർച്ചയ്ക്ക് മുന്‍പ് ബാങ്കിലെത്തി നിരീക്ഷണം നടത്തിയായിരിക്കണം സ്ഥിതിഗതികൾ മനസിലാക്കിയതെന്നാണ് പോലീസ് കരുതുന്നത്. ബാങ്ക് ജീവനക്കാർ ഭക്ഷണം കഴിക്കാൻ പോകുന്ന സമയംതന്നെ മോഷ്ടാവ് മോഷണത്തിനു തെരഞ്ഞെടുത്തത് ഇങ്ങനെയായിരിക്കാമെന്നും പോലീസ് കരുതുന്നു.
മോഷണവുമായി ബന്ധപ്പെട്ട് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി രൂപീകരിച്ച ചാലക്കുടി ഡിവൈഎസ് പി.കെ. സുമേഷിന്റെ നേതൃത്വത്തിലുള്ള സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമാണ് അന്വേഷണം നടത്തിവരികയാണ്. ഇൻസ്പെക്ടർമാരായ എം.കെ. സജീവ്, അമൃത് രംഗൻ, പി.കെ. ദാസ്, വി.ബിജു, എസ്ഐമാരായ എൻ.പ്രദീപ്, സി.എസ്. സൂരജ്, ഡി.എൻ. എബിൻ, കെ. സലീം, പി.വി. പാട്രിക് എന്നിവരും ജില്ലാ ക്രൈം സ്ക്വാഡും സൈബർ ജില്ലാ സ്പെഷൽ സ്ക്വാഡും ഉൾപ്പെടുന്ന 25 ഓളം പേരടങ്ങുന്ന ടീമിനാണ് കേസന്വേഷണചുമതല.
പോട്ടയിൽ നടന്ന മോഷണം നാട്ടിൽ പരക്കെ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. മോഷണത്തിനുശേഷം പ്രതി പോയത് അങ്കമാലി ഭാഗത്തേക്ക് ആണെന്നതാണ് അന്വേഷണസംഘത്തിന് ലഭിച്ച ഏകവിവരം. പ്രതിയുടെ വാഹനംപോലും കണ്ടെത്താല്‍ ഇതുവരെ സാധിച്ചിട്ടില്ല. പ്രതി സംസ്ഥാനംതന്നെ വിട്ടുപോകാനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല. അതിനാലാണ് കേസ് സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിച്ചത്.
അങ്കമാലിയിലെത്തിയ പ്രതി ട്രെയിന്‍ മാര്‍ഗം രക്ഷപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ഇന്നലെയും ഇന്നും ആലുവ, പെരുമ്പാവൂര്‍ മേഖലയില്‍ നടത്തിയ പരിശോധനയിൽ പ്രതിയെക്കുറിച്ച് യാതൊരു തുമ്പും ലഭിച്ചിട്ടില്ല. പ്രതിക്ക് സഹായം ലഭിച്ചിട്ടുണ്ടോ, സംഭവത്തില്‍ ഗൂഢാലോചനയുണ്ടോ എന്നൊക്കെ പോലീസ് പരിശോധിക്കുന്നുണ്ട്. സഹായമില്ലാതെ കൃത്യമായി ഇത്തരത്തില്‍ മോഷണം നടത്താന്‍ സാധിക്കില്ലെന്നാണ് പോലീസിന്റെ നിഗമനം.
47 ലക്ഷം രൂപയാണ് കൗണ്ടറില്‍ അടുക്കുകളാക്കി വച്ചിരുന്നത്. ഇതില്‍നിന്ന് നടുക്കായി ക്രമീകരിച്ച അഞ്ചുലക്ഷം വീതമുള്ള മൂന്ന് കെട്ടുകള്‍ മാത്രമാണ് പ്രതി കൈക്കലാക്കിയത്. കവര്‍ച്ച നടത്തിയത് ‘പ്രഫഷണല്‍ മോഷ്ടാവ്’ അല്ലെന്ന നിഗമനത്തിലാണ് പോലീസ്. അതിനാല്‍ പ്രതിയിലേക്ക് എളുപ്പം എത്താന്‍ സാധിക്കുമെന്നും പോലീസ് കരുതുന്നു.
കൂടുതല്‍ പണം എടുക്കാമായിരുന്നിട്ടും 15 ലക്ഷം മാത്രം കൈക്കലാക്കിയതിനാല്‍ പ്രതി പ്രത്യേക ലക്ഷ്യത്തോടെയാവാം കവര്‍ച്ച നടത്തിയതെന്നും പോലീസ് കരുതുന്നു.