മുപ്പത് വർഷങ്ങൾക്കു മുന്‍പാണ് ജർമൻ സ്വദേശിയായ ഒരു ട്രക്ക് ഡ്രൈവർ ജർമൻ നാണയമായ ഫെന്നിഗിന്റെ ഒന്നും രണ്ടും രൂപ വിലമതിക്കുന്ന നാണയങ്ങൾ തന്റെ കുടുംബത്തിനു വേണ്ടി സൂക്ഷിക്കാൻ ആരംഭിച്ചത്.
വർഷങ്ങൾ കഴിഞ്ഞുവെങ്കിലും അദ്ദേഹം തന്റെ ശീലം തുടർന്നു പോന്നിരുന്നു. അവസാനം പ്രായാധിക്യം മൂലം അദ്ദേഹം മരിച്ചു. അപ്പോഴേക്കും അദ്ദേഹത്തിന്റെ നാണയശേഖരം 12 ലക്ഷമായി മാറിയിരുന്നു. എല്ലാം തന്റെ കുടുംബത്തിനായാണ് അദ്ദേഹം സംരക്ഷിച്ചത്.
പക്ഷെ 2002നു ശേഷം ഈ നാണയം രാജ്യത്തിൽ നിന്നും പിൻവലിച്ചിരുന്നു. രാജ്യത്ത് ഒരിടത്തും ഇത് ഉപയോഗിക്കാൻ പറ്റില്ല. പക്ഷെ ജർമനിയുടെ സെൻട്രൽ ബാങ്കായ ബുൻഡെസ് ബാങ്കിൽ ഇത് സ്വീകരിച്ച് പകരം പണം തിരികെ നൽകാറുണ്ട്.
ഇത് മനസിലാക്കിയ ഇവർ കഴിഞ്ഞ മേയിൽ നാണയങ്ങളുമായി ബാങ്കിലെത്തി. നാണയത്തിനു മുഴുവനുമായി ഏകദേശം രണ്ടര ടണ്‍ ഭാരമാണുണ്ടായിരുന്നത്. സംഭവം കണ്ട് ഇവർ അന്തം വിട്ടെങ്കിലും നാണയം എണ്ണി തിട്ടപ്പെടുത്താൻ ആരംഭിച്ചു.
അതിനായി പല ശാസ്ത്രീയ മാർഗങ്ങളും സ്വീകരിച്ചെങ്കിലും സാധ്യമായിരുന്നില്ല. കാരണം കാലപ്പഴക്കം മൂലം നാണയങ്ങൾ തമ്മിൽ ഒട്ടിപ്പിടിച്ചിരിക്കുകയും ചില നാണയങ്ങൾക്ക് കാലപ്പഴക്കത്തിന്റെതായ കേടുപാടുകളും സംഭവിച്ചിരുന്നു.
തുടർന്ന് ബാങ്ക് അധികൃതർ കൈ ഉപയോഗിച്ച് നാണയം എണ്ണാൻ ആരംഭിച്ചു ഏകദേശം ആറുമാസം എടുത്താണ് അവർ ഇത് എണ്ണി തീർത്തത്. ഈ നാണയ തുട്ടുകൾ ഏകദേശം 8,000 യൂറോ വിലമതിക്കുന്നതാണ്. ജർമൻ സ്വദേശികളുടെ പക്കൽ ഇപ്പോഴും ഇത്തരത്തിലുള്ള 12.65 ബില്യണ്‍ നാണയങ്ങളുണ്ടെന്നാണ് ബാങ്ക് അധികൃതർ നൽകുന്ന വിശദീകരണം.