ന്യൂഡൽഹി: ബാങ്ക് നിക്ഷേപകരിൽ ആശങ്ക ജനിപ്പിച്ച ഫിനാൻഷ്യൽ റെസലൂഷൻ ആൻഡ് ഡെപ്പോസിറ്റ് ഇൻഷ്വറൻസ് (എഫ്ആർഡിഐ) ബിൽ ഉടൻ പാർലമെന്റ് ചർച്ചയ്ക്കെടുക്കില്ല. ബിൽ പരിശോധിക്കുന്ന സംയുക്ത പാർലമെന്ററി കമ്മിറ്റിയുടെ കാലാവധി അടുത്ത ബജറ്റ് സമ്മേളനത്തിന്റെ അവസാനംവരെ നീട്ടി.
ഡിസംബർ 15-നകം റിപ്പോർട്ട് നൽകാനാണ് കമ്മിറ്റിയോടു നേരത്തേ പറഞ്ഞിരുന്നത്. അതു നീട്ടിക്കൊടുക്കണമെന്ന അഭ്യർഥന ലോക്സഭാ സ്പീക്കർ സുമിത്ര മഹാജൻ അനുവദിച്ചു. ബാങ്കുകൾ കുഴപ്പത്തിലായാൽ നിക്ഷേപകർ ബാങ്കിൽ ഇട്ടിട്ടുള്ള പണം കൊടുക്കാതിരിക്കാനോ അത് ഓഹരിയോ കടപ്പത്രമോ പലിശയില്ലാ നിക്ഷേപമോ ഒക്കെയായി മാറ്റാനോ വ്യവസ്ഥ ചെയ്യുന്നതാണ് എഫ്ആർഡിഐ ബിൽ.
ബാങ്കുകളുടെ മേൽനോട്ടത്തിനും നിക്ഷേപ ഇൻഷ്വറൻസിനുമായി ഒരു റെസലൂഷൻ കോർപറേഷൻ ഉണ്ടാക്കും. ആ കോർപറേഷനാണ് പ്രതിസന്ധിഘട്ടത്തിൽ നിക്ഷേപങ്ങൾ വകമാറ്റുകയോ മടക്കിക്കൊടുക്കാതിരിക്കുകയോ ചെയ്യാൻ തീരുമാനിക്കുക. ആ കോർപറേഷനിൽ ഇൻഷ്വർ ചെയ്തിട്ടുള്ള തുക മാത്രം ഭദ്രമായിരിക്കും. ഇപ്പോൾ ഒരുലക്ഷം രൂപവരെയുള്ള തുകയ്ക്കാണ് ഇൻഷ്വറൻസ്. പുതിയ സംവിധാനത്തിൽ ഇൻഷ്വറൻസ് പരിധി പറഞ്ഞിട്ടില്ല.