കാനറാബാങ്കിന് ആശ്വാസം! വീടിന്‍റെ ചുവരിൽ ഒട്ടിച്ചുവച്ചിരുന്ന ആത്മഹത്യാക്കുറിപ്പ് വഴിത്തിരിവായി; എന്തുചെയ്യണമെന്നറിയാതെ നാട്ടുകാരും

ബാങ്ക് ജപ്തി നോട്ടീസ് നല്കിയതിനെത്തുടർന്ന് അമ്മയും മകളും ജീവനൊടുക്കിയെന്ന കേസിൽ നിർണായക വഴിത്തിരിവ്. ബാങ്കിന്‍റെ ഭീഷണിയാണ് ജീവനൊടുക്കാൻ കാരണമെന്നായിരുന്നു ഇന്നു രാവിലെ വരെ വാർത്ത. എന്നാൽ വീടിന്‍റെ ചുവരിൽ ഒട്ടിച്ചുവച്ചിരുന്ന ആത്മഹത്യാക്കുറിപ്പ് പോലീസിനു ലഭിച്ചതോടെയാണ് സംഭവങ്ങൾ കീഴ്മേൽ മറിഞ്ഞത്.

വീട്ടിലെ പ്രശ്നങ്ങളാണ് ജീവനൊടുക്കാൻ കാരണമായതെന്ന വ്യക്തമായ സൂചന പോലീസിനു ലഭിച്ചു. താമസിയാതെ തന്നെ മരിച്ച ലേഖയുടെ ഭർത്താവിനെയും സഹോദരിയെയും അമ്മയെയും ഉൾപ്പെടെയുള്ളവരെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതോടെ ബാങ്കിനെതിരേ രോഷത്തിലായിരുന്ന നാട്ടുകാരും എന്തുചെയ്യണമെന്നറിയാതെ അന്പരപ്പിലായി.

എന്തായാലും ബന്ധുക്കളെ പോലീസ് അറസ്റ്റ് ചെയ്തതോടെ ബാങ്ക് ഉദ്യോഗസ്ഥർ ആശ്വാസത്തിലായി. ജപ്തി ഭീഷണിയെത്തുടർന്ന് അമ്മയും മകളും ജീവനൊടുക്കിയെന്ന വാർത്ത പുറത്തുവന്നതോടെ പ്രതിരോധത്തിലും അങ്കലാപ്പിലുമായിരുന്ന ബാങ്ക് ജീവനക്കാർ ജനരോഷം ഭയന്നിരിക്കുകയായിരുന്നു.

നെയ്യാറ്റിൻകരയിലും സമീപപ്രദേശങ്ങളിലുമുള്ള കാനറാ ബാങ്ക് ശാഖകൾ ഇന്ന് അടച്ചിട്ടിരിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്തവരെ പോലീസ് ചോദ്യം ചെയ്യുകയാണ്.

Related posts