മുംബൈ: രാജ്യത്തെ ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി (പലിശയും ഗഡുവും കൃത്യമായി അടയ്ക്കാത്ത വായ്പ) ഈ മാർച്ച് 31-നു 10.3 ലക്ഷം കോടി രൂപയായി. ഇതു മൊത്തം വായ്പയുടെ 11.2 ശതമാനമാണ്. കഴിഞ്ഞവർഷം മാർച്ചിൽ ഇത് എട്ടുലക്ഷം കോടി രൂപയായിരുന്നു. അന്ന് വായ്പയുടെ 9.5 ശതമാനവും.
ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ ക്രിസിൽ ആണ് ഇതു വെളിപ്പെടുത്തിയത്. കടങ്ങൾ പുതുക്കിയും പുനർക്രമീകരിച്ചും കുഴപ്പമില്ലെന്നു കാണിച്ചിരുന്ന രീതി റിസർവ് ബാങ്ക് വിലക്കിയതാണ് ഇക്കൊല്ലം എൻപിഎ (നിഷ്ക്രിയ ആസ്തി) വർധിക്കാൻ കാരണം. എൻപിഎ നിർണയം കർശനമാക്കിയതിനാൽ ജൂണിലും സെപ്റ്റംബറിലും കൂടി എൻപിഎ വർധിക്കും. പിന്നീട് ഇവ കുറഞ്ഞുവരുമെന്ന് ക്രിസിൽ കരുതുന്നു. മൊത്തം വായ്പയുടെ 11.5 ശതമാനം വരെ എൻപിഎ ഉയർന്നേക്കും.
എൻപിഎയിൽ മഹാഭൂരിപക്ഷവും പൊതുമേഖലാ ബാങ്കുകളിലാണ്. 8.9 ലക്ഷം കോടി രൂപ. പൊതുമേഖലാ ബാങ്കുകളിലെ വലിയ എൻപിഎകൾ ഇങ്ങനെ:
എസ്ബിഐ 2,23,427 കോടി, പഞ്ചാബ് നാഷണൽ ബാങ്ക് 86,620 കോടി, ബാങ്ക് ഓഫ് ഇന്ത്യ 62,328 കോടി, ബാങ്ക് ഓഫ് ബറോഡ 56,480 കോടി, ഐഡിബിഐ ബാങ്ക് 55,588 കോടി, യൂണിയൻ ബാങ്ക് 49,370 കോടി, കനറാ ബാങ്ക് 47,468 കോടി, സെൻട്രൽ ബാങ്ക് 39,131 കോടി, ഐഒബി 38,180 കോടി, യൂക്കോ ബാങ്ക് 30,550 കോടി.
സ്വകാര്യ മേഖലയിൽ ഐസിഐസിഐ ബാങ്കിന് 54,063 കോടിയും ആക്സിസ് ബാങ്കിന് 34,249 കോടിയും എൻപിഎ ഉണ്ട്. മറ്റു ബാങ്കുകൾക്കു 10,000 കോടിയിൽ താഴെയേ ഉള്ളൂ എൻപിഎ.