കാട്ടാക്കട: കാർഷിക വായ്പ്പകൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ മോറട്ടോറിയം തള്ളി കർഷകന് ബാങ്കിന്റെ ജപ്തി നോട്ടീസ്. എസ്ബിഐ ഊരൂട്ടമ്പലം ശാഖയാണ്, മാറനല്ലൂർ കൂവളശേരി സ്വദേശിയായ ചെറുകിട കർഷകൻ എം.ബി. പദ്മകുമാറിന് (58) കാർഷിക വായ്പ തിരിച്ചടവ് മുടങ്ങിയതിന് ജപ്തി നോട്ടീസ് അയച്ചിരിക്കുന്നത്.
വായ്പ കുടിശികയായ 20,000 രൂപയിൽ ചിലവുകളടക്കം 22,568 രൂപയും പലിശയും 15 ദിവസത്തിനുള്ളിൽ അടയ്ക്കാത്ത പക്ഷം ജപ്തി നടപടികൾ സ്വീകരിക്കുമെന്ന് ഊരൂട്ടമ്പലം എസ്ബിഐ മാനേജർ അയച്ച നോട്ടീസിൽ പറയുന്നു. കുടിശികക്കാരുടെ ഫോട്ടോയും, വിലാസവും പ്രസിദ്ധപ്പെടുത്താനുള്ള നടപടികൾ സ്വീകരിച്ചുവരുന്നുവെന്നും അതിനിടയാക്കാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകുന്നു.
ജപ്തി നടപടികൾക്ക് മുന്നോടിയായി വായ്പ്പക്കരന്റെ പേരും വിലാസവും ജപ്തി ചെയ്യുന്ന വസ്തുവകകളെക്കുറിച്ചുമുള്ള വിവരണം ബാങ്ക് പ്രസിദ്ധീകരിക്കാറുണ്ടെങ്കിലും വായ്പ്പക്കരന്റെ ഫോട്ടോ പ്രസിദ്ധപ്പെടുത്തുമെന്ന് ദേശസാൽകൃത ബാങ്കുകൾ മുന്നറിയിപ്പ് നൽകാറില്ലെന്ന് ബാങ്കിംഗ് രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടി.
പാട്ടഭൂമിയിൽ മരച്ചീനിയും വാഴയും പച്ചക്കറികളും കൃഷിചെയ്തുവരുന്ന പദ്മകുമാർ, സ്വന്തമായുള്ള 20 സെന്റ് ഭൂമി പണയപ്പെടുത്തിയാണ് 20, 000 രൂപ നാലുവർഷം മുൻപ് വായ്പ്പയെടുത്തത്. പ്രളയവും, വരൾച്ചയും മൂലം കൃഷി നശിച്ചതോടെ അടവ് മുടങ്ങി.
കഴിഞ്ഞയാഴ്ച ഫോൺ ചെയ്ത് കുടിശിക അടക്കാൻ ആവശ്യപ്പെട്ട ബാങ്ക് അധികൃതർ തൊട്ടുപിന്നാലെ കർഷകന്റെ എസ്ബി അക്കൗണ്ട് മരവിപ്പിച്ചതായി സന്ദേശം എത്തിയെന്ന് പദ്മകുമാർ പറഞ്ഞു. ഈ അക്കൗണ്ടിൽ 6000 രൂപയോളമുണ്ട്. പാചകവാതകം, കാർഷിക വിപണിയിലെ വളം സബ്സിഡികൾ എന്നിവ സേവിംഗ് ബാങ്ക് വഴിയാണ് ലഭിക്കുന്നത്.
ബാങ്കിനെ സമീപിച്ചപ്പോൾ താങ്കൾ കൃഷിക്കാരനല്ലെന്നും, മൊറൊട്ടോറിയം താങ്കൾക്ക് ബാധകമല്ലെന്നും പറഞ്ഞതായി പദ്മകുമാർ പറയുന്നു. മംഗലക്കൽ കാർഷിക വിപണിയിലെ ഏറ്റവും നല്ല കർഷകനുള്ള പുരസ്കാരം നേടിയ കർഷകനാണ് ഇദ്ദേഹം. കുടിശിക മുടക്കിയത് കാരണം ബാങ്കിൽ എത്തി വായ്പ്പാ തുക പുതുക്കി വക്കാൻ ഉദേശിച്ചാണ് നോട്ടിസ് അയച്ചതെന്നും, സ്വകാര്യ നോട്ടീസ് ആണെന്നുമാണ് ബ്രാഞ്ച് മാനേജർ നൽകിയ വിശദീകരണം. പദ്മകുമാർ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് അറിയിച്ചു.