കേരളത്തെ നടുക്കിയ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിന്റെ ഇരകള്‍ക്ക് ഇത് ദുരിതകാലം. നിക്ഷേപം പിന്‍വലിക്കാനെത്തുന്നവരോട് വളരെ മോശമായാണ് ബാങ്ക് ഉദ്യോഗസ്ഥര്‍ പെരുമാറുന്നത്.
35 വര്‍ഷം ദുബായില്‍ ജോലിചെയ്ത് മിച്ചംപിടിച്ച തുക മുഴുവന്‍ പൊതുമേഖലാ ബാങ്കിലാണ് നന്ദനന്‍ നിക്ഷേപിച്ചിരുന്നത്.
നാട്ടില്‍ മുരിയാട് താമസമാക്കിയപ്പോള്‍ കരുവന്നൂര്‍ സഹകരണ ബാങ്ക് മാനേജരും സെക്രട്ടറിയും സമീപിച്ച് നിക്ഷേപം അവരുടെ ബാങ്കിലേക്ക് മാറ്റാനാവശ്യപ്പെട്ടു.
ഇവരുടെ വാക്ക് വിശ്വസിച്ച് പത്ത് വര്‍ഷം മുന്‍പ് കരുവന്നൂര്‍ ബാങ്കിലേക്ക് മാറ്റിയതാണ് 20 ലക്ഷം.
മക്കളുടെ വിവാഹാവശ്യത്തിനായാണ് തുക മാറ്റിവെച്ചത്.
മകന്റെ വിവാഹാവശ്യത്തിനായി സെപ്റ്റംബര്‍ എട്ടിന് പണം ആവശ്യപ്പെട്ട് കരുവന്നൂര്‍ ബാങ്കിന്റെ പ്രധാന ശാഖയിലെത്തി.
വിവാഹ ക്ഷണപ്പത്രവുമായി എത്തണമെന്നായിരുന്നു അഡ്മിനിസ്ട്രേറ്റര്‍ ആവശ്യപ്പെട്ടതെന്ന് നന്ദനനും ഭാര്യ ശോഭയും പറയുന്നു.
അതുപ്രകാരം പിറ്റേന്ന് വിവാഹ ക്ഷണപ്പത്രിക എത്തിച്ചുനല്‍കി. ഡിസംബര്‍ 20-ന് പണം വാങ്ങിക്കൊള്ളാനായിരുന്നു അഡ്മിനിസ്ട്രേറ്റര്‍ നിര്‍ദേശിച്ചത്.
ഡിസംബര്‍ 20-ന് എത്തിയപ്പോള്‍ അഡ്മിനിസ്ട്രേറ്ററാകട്ടെ സ്ഥലത്തില്ല. പിന്നീട് ഫോണില്‍ ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല.
പിന്നീട് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ മോശം പ്രതികരണവും ഭീഷണിയുമാണ് ഉണ്ടായതെന്ന് നന്ദനന്‍ പറയുന്നു. ‘എന്നോട് ചോദിച്ചിട്ടാണോ പണം ബാങ്കിലിട്ടത്.
ആണെങ്കില്‍ത്തന്നെ പണം തരാന്‍ വഴിയില്ല. താങ്കളുടെ മക്കള്‍ വിവാഹം കഴിക്കണമെന്ന് ബാങ്കിനും എനിക്കും നിര്‍ബന്ധവുമില്ല’ എന്നായിരുന്നു അഡ്മിനിസ്ട്രേറ്ററുടെ പ്രതികരണമെന്ന് നന്ദനന്‍ പറയുന്നു.