രാവിലെ എഴുന്നേല്‍ക്കുന്നതേ എടിഎമ്മിന്റെ മുമ്പിലേക്ക് ഓടുകയാണ് ആളുകള്‍ ഇപ്പോള്‍. എന്തിനാണെന്ന് പറയേണ്ടതില്ലല്ലോ. അവിടെ ചെന്നാലോ അറ്റം പോലും കാണാന്‍ പറ്റാത്തത്ര നീളത്തിലുള്ള ക്യൂവും. ഇപ്പൊ എത്തും ഇപ്പൊ എത്തും എന്ന് പ്രതീക്ഷിച്ച് ക്യൂവില്‍ നില്‍ക്കുന്ന ആളുകള്‍ നിന്ന് നിന്ന് കാല് കഴയ്ക്കുന്നതല്ലാതെ ഒരു പ്രയോജനവും കിട്ടാതെ മടങ്ങുകയാണ് ചെയ്യുന്നത്. ഏതായാലും ക്യൂവില്‍ നിന്ന് ക്ഷീണിച്ച ജനങ്ങള്‍ ഒരു പോംവഴി കണ്ടെത്തിയിരിക്കുകയാണ് ഇപ്പോള്‍.
അതായത് തങ്ങള്‍ തന്നെ നിന്ന് കാലുകഴയ്ക്കുന്നതിന് പകരം വരുന്നവര്‍ വരുന്നവര്‍ ഒരു പേപ്പറില്‍ തങ്ങളുടെ പേരെഴുതി അതിന്റെ മുകളില്‍ ഒരു കല്ലും വയ്ക്കും. എന്നിട്ട് തണലുനോക്കി എവിടെയെങ്കിലും പോയി സുരക്ഷിതമായി ഇരിക്കും. പത്രം വായന, ചീട്ടുകളി, നാട്ടുവര്‍ത്തമാനം അങ്ങനെ പോകുന്നു പിന്നീടുള്ള കലാപരിപാടികള്‍. ചിലയിടങ്ങളില്‍ വേറെ രീതിയാണ്. ആളുകള്‍ക്ക് പകരം അവരുടെ ചെരുപ്പുകളാണ് ക്യൂ നില്‍ക്കുന്നത്. മറ്റു ചിലടത്ത് അവരവരുടെ പാസ്സ്ബുക്കുകളാണ് ക്യൂവില്‍. ഏതായാലും ആളുകള്‍ക്ക് ഈ രീതി ഇഷ്ടപ്പെട്ടെന്നാണ് കേള്‍ക്കുന്നത്. സോഷ്യല്‍ മീഡിയയിലും മറ്റും ഇത്തരത്തില്‍ ക്യൂ നില്‍ക്കുന്നതിന്റെ ഫോട്ടോകള്‍ വൈറലാണ്. എന്നാല്‍ ഈ വിദ്യ ജപ്പാനിലൊക്കെ വളരെ നേരത്തെതൊട്ട് ആളുകള്‍ പയറ്റിക്കൊണ്ടിരിക്കുന്നതാണെന്നാണ് അറിയുന്നത്. ഇനി മുതല്‍ ക്യൂവില്‍ നില്‍ക്കാന്‍ വാടകയ്ക്ക് ആളുകളെ കൊടുക്കുന്ന ഏജന്‍സികളും രംഗത്തിറങ്ങാന്‍ സാധ്യതയുണ്ട്.