ചാലക്കുടി: ടൗണിലെ യൂണിയൻ ബാങ്കിന്റെ ലോക്കറിൽനിന്നും മൂന്നു കിലോയോളം സ്വർണം മോഷണം നടത്തിയ ബാങ്ക് ജീവനക്കാരനെയും, എടിഎം സെക്യൂരിറ്റിയെയും അറസ്റ്റു ചെയ്തു. ബാങ്കിലെ പ്യൂണ്‍ തൃശൂർ ആറാട്ടുപുഴ നെരുവശേരി ഇട്ട്യാടത്ത് വീട്ടിൽ ശ്യാം (25), ബാങ്കിലെ എടിഎം സെക്യൂരിറ്റി ജീവനക്കാരൻ അഷ്ടമിച്ചിറ മാരേക്കാട് ഞാറ്റുവീട്ടിൽ ജിതിൻ എന്ന ജിത്തു (27) എന്നിവരെയാണ് ചാലക്കുടി ഡിവൈഎസ്പി കെ.ലാൽജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും സിഐ ജെ.മാത്യു, എസ്ഐ
സുധീഷ് കുമാർ എന്നിവരും ചേർന്ന് അറസ്റ്റുചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രളയസമയത്ത് ചാലക്കുടി ടൗണ്‍ പൂർണമായും വെള്ളത്തിൽ മുങ്ങിയതിനെ തുടർന്ന് ബാങ്കിലും വെള്ളംകയറി പ്രവർത്തനം നിലച്ചിരുന്നു. പ്രളയക്കെടുതിക്കുശേഷം തുറന്ന ബാങ്കിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെയാണ് ബാങ്കിൽ ഇടപാടുകാർ പണയംവച്ച സ്വർണാഭരണങ്ങൾ മോഷണം നടത്താൻ ശ്യാം പദ്ധതി തയാറാക്കിയത്.
ബാങ്കിൽ ഭൂരിഭാഗവും വനിതാ ജീവനക്കാരായതിനാൽ ബാങ്ക് വീണ്ടും പ്രവർത്തനസജ്ജമാക്കാൻ ശ്യാമാണ് മുഖ്യ പങ്കുവഹിച്ചിരുന്നത്. ബാങ്കിലെ ഫർണിച്ചറുകൾ മാറ്റുന്ന സമയത്തും നനഞ്ഞ പേപ്പറുകളും ഫയലുകളും ഉണക്കിയെടുത്തു സൂക്ഷിക്കുന്ന സമയങ്ങളിലും ശ്യാം ബാങ്കിലെ മറ്റു ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് സ്വർണാഭരണങ്ങൾ അടിച്ചുമാറ്റുകയായിരുന്നു.
മോഷ്ടിച്ച സ്വർണാഭരണങ്ങൾ ബാങ്കിലെ പഴയ ഫയലുകളുടെ ഇടയിൽ ദിവസങ്ങളോളം സൂക്ഷിച്ചുവച്ച ഇയാൾ ഇതിൽനിന്നും കുറേശെ സ്വർണാഭരണങ്ങൾ എടുത്തുകൊണ്ടുപോയി പലയിടങ്ങളിൽ പണയംവയ്ക്കുകയായിരുന്നു. എടിഎമ്മിലെ സെക്യൂരിറ്റിയായ ജിതിനോടു താൻ സാന്പത്തികമായി ചുറ്റുപാടുള്ള വീട്ടിലെ അംഗമാണെന്നും വീട്ടിലെ കുറച്ച് സ്വർണം പണയം വച്ചുതരണമെന്നും പറഞ്ഞ് അങ്കമാലിയിലേയും അഷ്ടമിച്ചിറയിലേയും ദേശസാൽകൃത ബാങ്കുകളിൽ പണയംവയ്പിച്ചു.
പിന്നീട്, അമ്മായിയുടെ മകളുടെ വിവാഹ ആഭരണങ്ങളാണെന്നും എത്രയുംവേഗം തിരിച്ചെടുപ്പിക്കാമെന്നും അവരുടെ വീടിനു കുറച്ചുകൂടി പണി ബാക്കിയുണ്ടെന്നും പറഞ്ഞ് ചാലക്കുടിയിലും അഷ്ടമിച്ചിറയിലും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലും സ്വർണം ജിതിനെക്കൊണ്ട് പണയംവയ്പിച്ച് പണം കൈവശപ്പെടുത്തി.
ചേർപ്പിൽ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വാഹനപരിശോധനയ്ക്കിടയിലാണ് ശ്യാം 150 ഗ്രാം സ്വർണാഭരണങ്ങൾ സഹിതം പോലീസിന്റെ പിടിയിലായത്. ഇതേത്തുടർന്ന് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി കെ.പി.വിജയകുമാരന്റെ നിർദേശാനുസരണം ശ്യാമിനെ കസ്റ്റഡിയിലെടുത്തു നടത്തിയ അന്വേഷണത്തിലാണ് മോഷണവിവരങ്ങൾ പുറത്തായത്.
ചാലക്കുടി, അങ്കമാലി, ചേർപ്പ്, അഷ്ടമിച്ചിറ തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും ശ്യാമും ജിതിനും പണയംവച്ച മൂന്നു കിലോയോളം സ്വർണം പോലീസ് കണ്ടെടുത്തു. ശ്യാം ഈ പണം ഉപയോഗിച്ചു വാങ്ങിയ രണ്ടു ഹോണ്ട സിവിക് കാറുകളും ഒരു ഇന്നോവ കാറും ഒരു ഫോക്സ് വാഗണ്‍ പോളോ കാറും പോലീസ് പിടിച്ചെടുത്തു.
ശ്യാമിന്റെ വാഹന ഇടപാടുകളെക്കുറിച്ചും ഇയാളുമായി സാന്പത്തിക ഇടപാടുകൾ നടത്തിയവരെക്കുറിച്ചും വിശദമായ അന്വേഷണം ആരംഭിച്ചതായി ഡിവൈഎസ്പി കെ.ലാൽജി അറിയിച്ചു.
ക്രൈംസ്ക്വാഡ് അംഗങ്ങളായ ജിനുമോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, റോയി പൗലോസ്, പി.എം.മൂസ, വി.യു.സിൽജോ, എ.യു.റെജി, ഷിജോ തോമസ്, ചാലക്കുടി സ്റ്റേഷനിലെ എഎസ്ഐ സി.വി.ഡേവീസ്, സിനീയർ സിപിഒ സുമേഷ്, സിപിഒ രാജേഷ് ചന്ദ്രൻ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.