ന്യൂഡൽഹി: ഭർത്താവിന്റെ അനുമതിയില്ലാതെ അദ്ദേഹത്തിന്റെ അക്കൗണ്ട് വിവരങ്ങൾ ഭാര്യക്ക് നൽകിയ ബാങ്കിന് പതിനായിരം രൂപ പിഴ. അഹമ്മദാബാദ് ഉപഭോക്തൃ ഫോറത്തിന്റേതാണ് വിധി. അഹമ്മദാബാദിലെ ഒരു പൊതുമേഖലാ ബാങ്ക്ശാഖ യ്ക്കാണു പിഴ ചുമത്തിയത്.
തന്റെ അനുമതിയില്ലാതെ മൂന്നു വർഷത്തെ ബാങ്ക് സ്റ്റേറ്റ്മെന്റുകൾ ഭാര്യക്കുനൽകിയതിനെതിരേ ദിനേഷ് പൻമണിയാണ് പരാതി നൽകിയത്. താനും ഭാര്യയും തമ്മിൽ കേസ് നടക്കുകയാണ്. അതിനിടയ്ക്കാണ് തന്നോട് അനുമതി തേടാതെ അക്കൗണ്ട് വിവരങ്ങളെല്ലാം ബാങ്ക് ഭാര്യക്ക് കൈമാറിയത്. ഇതുവഴി തന്റെ രഹസ്യസ്വത്തു വിവരങ്ങൾ ഭാര്യ മനസിലാക്കിയെന്നും അതുവഴി കേസിൽ അവർ നേട്ടമുണ്ടാക്കുമെന്നാണു പൻമണിയുടെ വാദം.
കഴിഞ്ഞ മേയ് ആറിന് തന്റെ അക്കൗണ്ടിൽനിന്നും 103 രൂപ സർവീസ് ചാർജ് ഈടാക്കിയിരിക്കുന്നതായി പൻമണിക്ക് മെസേജ് ലഭിച്ചു. ഇതിന്റെ കാരണം അന്വേഷിച്ചു ബാങ്കിൽ എത്തിയപ്പോഴാണ് ഭാര്യ ഹർഷികയ്ക്ക് ബാങ്ക് സ്റ്റേറ്റ്മെന്റ് നൽകിയതിനാണെന്നു വ്യക്തമായത്. ഇക്കാര്യത്തിൽ താൻ ഭാര്യയെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും അവർക്ക് അതിന് അധികാരമില്ലെന്നും പൻമണി ബാങ്ക് അധികൃതരോട് പറഞ്ഞു. ബാങ്ക് സേവനത്തിൽ വീഴ്ച വരുത്തിയെന്നും വിശ്വാസ വഞ്ചന കാട്ടിയെന്നും ആരോപിച്ചാണ് ഇയാൾ ഉപഭോക്തൃ ഫോറത്തെ സമീപിച്ചത്.
പൻമണിക്കുവേണ്ടി എന്ന നിലയിലാണ് ഹർഷിക ബാങ്കിലെത്തിയതെന്നും അതിനാലാണ് രേഖകൾ നൽകിയതെന്നുമായിരുന്നു ബാങ്കിന്റെ വിശ ദീകരണം. എന്നാൽ, അക്കൗണ്ട് ഉടമയുടെ സമ്മതപത്രമോ അനുമതിയോ ഇല്ലാതെ ബാങ്കിംഗ് രേഖകൾ മൂന്നാമതൊരാൾക്കു കൈമാറാനാകില്ലെന്ന് പൻമണിയുടെ അഭിഭാഷകൻ വാദിച്ചു. കുടുംബക്കോടതിയിൽ ഈ ബാങ്ക് രേഖകൾ കാട്ടി ഹർഷിക കൂടുതൽ ആനൂകൂല്യങ്ങൾ നേടുകയും പൻമണിക്ക് വൻ ധനനഷ്ടം ഉണ്ടാകുകയും ചെയ്യുമെന്നും അഭിഭാഷകൻ വാദിച്ചു.
ബാങ്കിംഗ് നിയമങ്ങളുടെ അടിസ്ഥാനത്തിലും റിസർവ് ബാങ്ക് ചട്ടപ്രകാരവും അക്കൗണ്ട് രേഖകൾ മറ്റൊരാൾക്കു നൽകിയത് കുറ്റകരമാണെന്ന് ഉപഭോക്തൃ ഫോറം കണ്ടെത്തി.