ചെങ്ങന്നൂർ: ബാങ്കിൽനിന്നും കോടിക്കണക്കിനു രൂപ വായ്പ എടുത്തശേഷം മുങ്ങി നടന്നവർക്ക് താക്കീതായി ബാങ്ക് ജീവനക്കാരുടെ വ്യത്യസ്‌ഥ സമരം. കാത്തലിക് സിറിയൻബാങ്ക് ചെങ്ങന്നൂർ ശാഖയുടെ നേതൃത്വത്തിൽ ഇന്നലെ നടന്ന സമരമാണ് വ്യത്യസ്തമായത്.
ചെങ്ങന്നൂർ മുണ്ടങ്കാവ് സ്വദേശിയായ വായ്പാ കുടിശികക്കാരന്റെ വീട്ടുമുറ്റത്താണ് ഇന്നലെ രാവിലെ ബാങ്കിന്റെ ചെങ്ങന്നൂർ ശാഖയിലെ ജീവനക്കാരും ഇതരശാഖയിലെ ജീവനക്കാരും ബാങ്ക് മാനേജരും, വിരമിച്ച ജീവനക്കാരുമടങ്ങുന്ന 50 അംഗ സംഘം എത്തിയത്. കറുത്ത തുണികൊണ്ട് വായ മൂടിക്കെട്ടി പ്ലക്കാർഡ് ഏന്തി രാവിലെ 9.30മുതൽ 10.30വരെ ഇവർ ധർണ നടത്തി. ബാങ്ക് ഡിജിഎം തോമസ് ജോർജ്, ഏരിയാ മാനേജർ സി.കെ. ജോർജ്, സോണൽ മാനേജർ സണ്ണി വർക്കി, ചെങ്ങന്നൂർ ശാഖാ മാനേജർ ആർ. അംബിക എന്നിവർ ധർണയ്ക്കു നേതൃത്വം നൽകി.