കോട്ടയം: ബാങ്ക് പണിമുടക്കിനെ തുടർന്ന് ഇടപാടുകാർ ദുരിത ത്തിൽ. ഇന്നു മുതൽ മൂന്നു ദിവസം രാജ്യ വ്യാപകമായി ബാങ്കുകൾ ഒന്നും പ്രവർത്തിക്കാത്തത് വലിയ ബുദ്ധിമുട്ടാണ് ജനങ്ങൾക്ക് സൃഷ്ടിച്ചിരിക്കുന്നത്. ഓണ്‍ലൈൻ പണം ഇടപാടുകൾ നടക്കുമെങ്കിലും അതു പരിഹാരമാകില്ലെന്ന് പരാതി ഉയരുന്നു.
ശന്പള വർധന ആവശ്യപ്പെട്ടാണ് പൊതുമേഖലാ ബാങ്ക് ജീവനക്കാർ രണ്ടു ദിവസത്തെ പണിമുടക്ക് ആരംഭിച്ചിരിക്കുന്നത്. ദേശസാത്കൃത ബാങ്കുകളും സ്വകാര്യബാങ്കുകളും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.
വ്യാഴാഴ്ച അർധരാത്രി ആരംഭിച്ച പണിമുടക്ക് ശനിയാഴ്ച അർധരാത്രി വരെ തുടരും.
ഞായറാഴ്ചയും പൊതു അവധി ആയതോടെയാണ് മൂന്നു ദിവസം തുടർച്ചയായി ബാങ്ക് അടഞ്ഞു കിടക്കുന്നത്. ബാങ്ക് തൊഴിലാളികളുടെ ഒൻപതു യൂണിയനുകളുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ ആഭിമുഖ്യത്തിലാണ് പണിമുടക്ക് ആരംഭിച്ചിരിക്കുന്നത്. നാളെ കേന്ദ്രബജറ്റ് അവതരിപ്പിക്കുന്ന സാഹചര്യത്തിലാണ് ബാങ്കുകളുടെ പണിമുടക്ക്.
വേതനത്തിൽ 20 ശതമാനം വർധനവ് ആവശ്യപ്പെട്ടാണ് ജിവനക്കാർ പണിമുടക്ക് സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി ഓൾ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ഇന്നലെ നടത്തിയിരുന്ന ചർച്ച പരാജയപ്പെട്ടിരുന്നു.
രണ്ടു ദിവസത്തെ പണിമുടക്കിനു ശേഷവും അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ മാർച്ച് 11 മുതൽ 13 വരെ വീണ്ടും പണിമുടക്കുമെന്നും ഏപ്രിൽ ഒന്നു മുതൽ അനിശ്ചിതകാല പണിമുടക്കാണ് ഉദ്ദേശിക്കുന്നതെന്നും സംഘാടകർ പറയുന്നു.
തുടർച്ചയായി ബാങ്ക് അവധി വരുന്നത് എടിഎമ്മുകളുടെ പ്രവർത്തനത്തെയും ബാധിക്കും. 48 മണിക്കൂർ പണിമുടക്കിനു മുന്നോടിയായി എല്ലാ എടിഎമ്മുകളിലും ബാങ്കുകൾ പണം നിറച്ചിട്ടുണ്ട്.