ചേർത്തല : ജോലിയിൽ നിന്നു പിരിച്ചുവിട്ടതിനെതിരെ ജീവനക്കാരി ബാങ്കിനു മുന്നിൽ പ്രതിഷേധ സമരം ആരംഭിച്ചു. ചേർത്തല പഞ്ചാബ് നാഷണൽ ബാങ്ക് ശാഖയിലാണ് സംഭവം. ചേർത്തല മുനിസിപ്പൽ 22-ാംവാർഡ് കോര്യംപള്ളി കൊച്ചിനാട്ടുവെളി സന്തോഷിന്റെ ഭാര്യ ബേബി റാണിയാണ് പ്ലക്കാർഡുമേന്തി പ്രതിഷേധിക്കുന്നത്.
ആറുവർഷമായി ബാങ്കിലെ തൂപ്പുകാരിയായി ജോലിനോക്കുന്ന ഇവർക്ക് 200 രൂപയായിരുന്നു പ്രതിദിന വേതനം. അടുത്തിടെ മിനിമം വേതനം ആവശ്യപ്പെട്ടതാണ് ബാങ്ക് അധികൃതരുടെ പിരിച്ചുവിടൽ നടപടിക്കു കാരണമായതെന്നാണ് ആക്ഷേപം. ഇതിനെതിരെ ബെഫി മുഖേന ലേബർ കോടതിയെ സമീപിക്കുകയും പരാതിയിൽ തീർപ്പാകുംവരെ തൽസ്ഥിതി തുടരാൻ നിർദേശിക്കുകയും ചെയ്തു.
അതിനിടെയാണ് കഴിഞ്ഞദിവസം ബേബി റാണിയെ ബാങ്ക് അധികാരികൾ വാക്കാൽ നിർദേശത്തിലൂടെ പിരിച്ചുവിട്ടത്. ഇതിനെതിരെയാണ് ബേബി റാണി ബാങ്ക് പടിക്കൽ സമരം തുടരുന്നത്. “മിനിമംവേതനം ആവശ്യപ്പെട്ടത് അപരാധമോ? അന്യായ പിരിച്ചുവിടൽ പിൻവലിക്കുക’ എന്ന് ആലേഖനം ചെയ്ത പ്ലക്കാർഡുമായാണ് പ്രതിഷേധം.
ബാങ്ക് തുറക്കുന്പോൾ പടിക്കലെത്തുന്ന ഇവർ വൈകുന്നേരം അടയ്ക്കുന്നതുവരെ കുത്തിയിരുന്നാണ് പ്രതിഷേധിക്കുന്നത്. അതിനിടെ ജീവനക്കാരിയുടെ സമരത്തിന് പിന്തുണയുമായി ബാങ്കുകാരുടെ സംഘടനയായ ബെഫി രംഗത്തെത്തിയിട്ടുണ്ട്. മറ്റുതൊഴിലാളികളുടെ പങ്കാളിത്തത്തോടെ സമരം ശക്തമാക്കുമെന്നും ബെഫി ചേർത്തല ഏരിയ കമ്മിറ്റി അറിയിച്ചു.