കോഴിക്കോട്: കോഴിക്കോട് പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻപി) തട്ടിപ്പിന്റെ വ്യാപ്തി കൂടുന്നു.
കോഴിക്കോട് കോര്‍പറേഷന്റെ അക്കൗണ്ടില്‍നിന്നു ബാങ്ക് മാനേജര്‍ തട്ടിയത് എട്ട് കോടിയിലേറെ രൂപയെന്ന് റിപ്പോർട്ട്.
എട്ട് കോടി നഷ്ടപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി കോർപറേഷൻ കോഴിക്കോട് ടൗണ്‍ സ്റ്റേഷനിൽ പരാതി നൽകി. നേരത്തെ ബാങ്ക് 2.53 കോടി രൂപ ബാങ്ക് തിരിച്ചടച്ചിരുന്നു.
ബാങ്കിന്റെ എരഞ്ഞിപ്പാലം ശാഖയിലെ മാനേജര്‍ എം.പി. റിജില്‍ അച്ഛന്റെ അക്കൗണ്ടിലേക്ക് 98 ലക്ഷത്തിലേറെ രൂപ മാറ്റിയതായാണു കോര്പറേഷന് ആദ്യം കണ്ടെത്തിയത്.
പിന്നീട് നടത്തിയ അന്വേഷണത്തിൽ മാനേജർ രണ്ട് കോടിയിലേറെ രൂപ തട്ടിയതായി കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതൽ കണക്കുകൾ പുറത്തുവന്നിരിക്കുന്നത്.
അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിക്കാന്‍ കോര്പറേഷന് ബാങ്കിനെ സമീപിച്ചപ്പോള്‍, പണമില്ലെന്നു കണ്ടെത്തിയത്.
ബാങ്കിൽ കൂടുതൽ തട്ടിപ്പുകൾ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ചെന്നൈയിൽനിന്നുള്ള ഓഡിറ്റിംഗ് സംഘം കോഴിക്കോട്ട് പിഎൻബിയിൽ എത്തിയിട്ടുണ്ട്.
തട്ടിപ്പുനടത്തിയ മാനേജര്‍ എം.പി. റിജിലിനെ പഞ്ചാബ് നാഷണല്‍ ബാങ്ക് സസ്പെൻഡ് ചെയ്തു. ഇയാൾ ഒളിവിലാണ്.
സംഭവത്തിൽ റിജിലിനെതിരേ ഐപിസി 1860-ലെ 409, 420 വകുപ്പ് പ്രകാരം ടൗൺ പോലീസ് കേസെടുത്തിട്ടുണ്ട്. ഇപ്പോഴത്തെ ബാങ്ക് മാനേജർ സി.ആർ. വിഷ്ണുവാണു പരാതി നൽകിയത്.
ഒക്ടോബർ പത്ത് മുതൽ നവംബർ 11 വരെ യുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. കോര്‍പറേഷനു പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 13 അക്കൗണ്ടുകളാണുള്ളത്.
ഇതില്‍ കോഴിക്കോട് ലിങ്ക് റോഡ് ശാഖയിലെ അക്കൗണ്ടില്‍നിന്നാണു പണം തിരിമറി നടത്തിയത്.