മഞ്ചേരി: ബാങ്ക് അക്കൗണ്ടുകളും ഭീം, ആമസോണ്‍, ഫ്ലിപ്പ്കാർട്ട് ഉൾപ്പെടെയുള്ള വിവിധ ഓണ്‍ലൈൻ പേയ്മെന്റ് സംവിധാനങ്ങളും ഹാക്ക് ചെയ്ത് പണം തട്ടിവരികയായിരുന്ന ‘മിസ്റ്റീരിയസ് ഹാക്കേഴ്സ്’ ഗ്രൂപ്പിലെ രണ്ടു പ്രധാനികളെ മഞ്ചേരി പോലീസ് മഹാരാഷ്ട്രയിൽ നിന്നു അറസ്റ്റ് ചെയ്തു.\
മഞ്ചേരി സ്വദേശിയുടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ടിൽ നിന്നു ഒരു ലക്ഷത്തിലേറെ രൂപ ഹാക്ക് ചെയ്ത കേസിൽ മഹാരാഷ്ട്ര താനെയിൽ താമസിക്കുന്ന ഭരത് ഗുർമുഖ് ജെതാനി (20), നവി മുംബൈയിൽ താമസിക്കുന്ന ക്രിസ്റ്റഫർ (20) എന്നിവരെയാണ് മഞ്ചേരി പോലീസ് മുംബൈയിൽ നിന്നു സാഹസികമായി പിടികൂടിയത്.
കഴിഞ്ഞ മാസം 12നാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരന്റെ മൊബൈൽ ഫോണിൽ തന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നു ചെറിയ സംഖ്യകളായി പണം ട്രാൻസ്ഫർ ചെയ്യപ്പെട്ട മെസേജുകൾ കാണപ്പെട്ടതോടെ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പരിശോധിച്ചപ്പോഴാണ് ഒരു ലക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ടതായി മനസിലായത്. തുടർന്നു മഞ്ചേരി പോലീസിൽ പരാതി നൽകുകയായിരുന്നു.
വ്യാജ വെബ്സൈറ്റുകളും ഗിഫ്റ്റ് വൗച്ചറും
വ്യാജ വെബ്സൈറ്റുകൾ നിർമിച്ചു വ്യക്തികളുടെ ഇന്റർനെറ്റ് ബാങ്കിംഗ് യൂസർ ഐഡിയും പാസ്വേഡും അപഹരിച്ചാണ് പ്രതികൾ അക്കൗണ്ടിലെ പണം ഹാക്ക് ചെയ്യുകയും ആ പണം ഉപയോഗിച്ച്, വ്യാജ വിലാസങ്ങൾ നൽകി, ഗിഫ്റ്റ് വൗച്ചറുകളും വസ്തുക്കൾ വാങ്ങുകയും ചെയ്യുന്നതെന്നു അന്വേഷണത്തിൽ കണ്ടെത്തി.
ഇത്തരത്തിൽ വാങ്ങുന്ന ഗിഫ്റ്റ് വൗച്ചറുകൾ ഓണ്‍ലൈൻ വഴി വിൽപന നടത്തിയാണ് ഇവർ പണമാക്കി മാറ്റുന്നത്. നേരിട്ട് പണമാക്കി മാറ്റിയാൽ എളുപ്പത്തിൽ പിടിക്കപ്പെടാം എന്നതിനാലാണ് ഇത്തരത്തിൽ സമർഥമായി കാര്യങ്ങൾ ചെയ്യുന്നത്.
ഇ-വാലറ്റുകളും ഹാക്ക് ചെയ്യും
ഇതുകൂടാതെ ആമസോണ്‍, ഫ്ളിപ്പ്കാർട്ട് പോലെയുള്ള ഇ-വാലറ്റ് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് ഗിഫ്റ്റ് വൗച്ചറുകൾ നേരിട്ട് തട്ടിയെടുക്കുന്നുമുണ്ട്. ഇതരവ്യക്തികളുടെ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് എടുത്ത സിം കാർഡുകളും വ്യാജ ഐപി വിലാസങ്ങളും ഉപയോഗിച്ചാണ് ഇവർ ഹാക്കിംഗ് നടത്തിവന്നിരുന്നത്.
ഏറെ നാളത്തെ ശ്രമകരമായ നീക്കത്തിലൂടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇതിനായി പോലീസ് സംഘം കഴിഞ്ഞ ഇരുപത് ദിവസമായി മധ്യപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലായി പ്രതികളുടെ നീക്കങ്ങൾ നിരീക്ഷിച്ചു വരികയായിരുന്നു. ഹാക്കിംഗിലൂടെ സന്പാദിക്കുന്ന പണം ഉപയോഗിച്ച് ആഡംബര ജീവിതമാണ് പ്രതികൾ നയിച്ചിരുന്നത്.
അർധരാത്രിയിലെ ഓപ്പറേഷൻ
അർധരാത്രിക്ക് ശേഷം പുലർച്ചെ വരെയുള്ള സമയങ്ങളിലാണ് പ്രതികൾ അക്കൗണ്ടിൽ നിന്നു പണം ഹാക്ക് ചെയ്യുന്നത്. പണം ട്രാൻസ്ഫർ ചെയ്യുന്നത് സംബന്ധിച്ച മെസേജുകൾ ലഭിക്കുകയാണെങ്കിൽ ഇരകൾ അത് അറിയരുതെന്നതിനാലാണ് ഈ സമയങ്ങൾ തെരഞ്ഞെടുക്കുന്നത്.
പ്രതികളെ തെളിവ് സഹിതം കണ്ടെത്താനായി പുലർച്ചെ സമയമാണ് പോലീസ് ഓപ്പറേഷനായി തെരഞ്ഞെടുത്തത്.
ഹാക്കിംഗിനിടെ അറസ്റ്റ്
കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടു മണിയോടെ പ്രതികളെ അറസ്റ്റ് ചെയ്യുന്ന വേളയിലും ഇവർ ഹാക്കിംഗിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു.
ഹാക്കിംഗ് ടൂൾസ്, ഹാക്ക് ചെയ്ത വിവരങ്ങൾ മുതലായവ ഷെയർ ചെയ്യാനായി ഇവർ ക്രിയേറ്റ് ചെയ്ത ‘മിസ്റ്റീരിയസ് ഹാക്കേഴ്സ്’ ഗ്രൂപ്പിൽ ഹാക്ക് ചെയ്ത നിരവധി വ്യക്തികളുടെ യൂസർ ഐഡികളും പാസ്വേർഡുകളും ഷെയർ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.
നിരവധി ബാങ്ക് അക്കൗണ്ടുകളിൽ നിന്നും ഇ-വാലറ്റുകളിൽ നിന്നും ഇവർ പണം ഹാക്ക് ചെയ്തതായി സൂചനകൾ ലഭിച്ചിട്ടുണ്ട്. സംഘത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ചു വരികയാണ്.
മലപ്പുറം പോലീസ് മേധാവി യു. അബ്ദുൾ കരീമിന്റെ നിർദേശ പ്രകാരം മഞ്ചേരി പോലീസ് ഇൻസ്പെക്ടർ സി. അലവിയുടെ നേതൃത്വത്തിൽ സൈബർ ഫോറൻസിക് ടീം അംഗങ്ങളാണ് മഹാരാഷ്ട്രയിൽ നിന്നു പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ മഞ്ചേരി സിജഐം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.