കടുത്തുരുത്തി: ബാങ്ക് വായ്പയിലേയ്ക്ക് അടച്ച പണം ബാങ്ക് രേഖകളില്‍ ചേര്ക്കാതിരുന്നതിനെതിരെ ഇടപാടുകാരി നല്കിയ പരാതിയില്‍ ബാങ്ക് മാനേജര്‍ക്കെതിരെ കോടതി കേസെടുത്തു.
കുറുപ്പന്തറ ഫെമിന ഗാര്‍മെന്റ്സ് ഉടമയായ മോല് സെബാസ്റ്റ്യന്‍ നല്കിയ പരാതിയില്‍ ബാങ്ക് ഓഫ് ബറോഡ കുറുപ്പന്തറ ശാഖാ മുന്‍ മാനേജര്‍ക്കെതിരെയാണ് വൈക്കം ജ്യുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസെടുത്തത്.
കേസിന്റെ തുടര്‍ നടപടികള്‍ ഏറ്റുമാനൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ നടക്കുമെന്നും മുന്‍ ബാങ്ക് മാനേജരോട് ഓഗസ്റ്റ് പത്തിന് കോടതിയില്‍ ഹാജരാകാനും നിര്‍ദേശിച്ചതായി പരാതിക്കാരിയുടെ അഭിഭാഷകനായ സുപ്രീകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് അഡ്വ. മത്തായി ഈപ്പന് വെട്ടത്ത് അറിയിച്ചു.
സംഭവം സംബന്ധിച്ച് പരാതിക്കാരി വിശദീകരിക്കുന്നതിങ്ങനെ- ഭര്‍ത്താവ് സെബാസ്റ്റ്യന്റെ പേരില്‍ കുറുപ്പന്തറ ശാഖയില്‍ നിന്നെടുത്ത വായ്പയിലേക്കു ഇവര്‍ 17-10-2013-ല്‍ 1,39,300 രൂപ അടച്ചു.
ഈ തുക ബാങ്ക് മാനേജര്‍ വാങ്ങിയെടുത്തശേഷം പാസ് ബുക്കില്‍ കമ്പ്യൂട്ടര്‍ എന്‍ട്രിയായി പതിച്ചു നല്കി. പിന്നീട് മൂന്ന് വര്‍ഷത്തിനുശേഷം ഈ മാനേജര്‍ സ്ഥലം മാറി പോവുകയും പുതിയ ആള് വന്നശേഷം നടത്തിയ പരിശോധനയില്‍ ഇവര്‍ക്ക് ലോണ്‍ കുടിശികയുള്ളതായി കാണിച്ചു നോട്ടീസ് ലഭിക്കുകയും ചെയ്തതോടെയാണ് തട്ടിപ്പ് നടന്നതായി പരാതിക്കാരി അറിയുന്നത്.
രേഖകള്‍ പരിശോധിച്ചെങ്കിലും ബാങ്ക് രേഖകളില്‍ പണം അടച്ചതായി കാണാതെ വന്നതോടെ പരാതിക്കാരി കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്യുകയായിരുന്നു.