ചോറ്റാനിക്കര: ബാങ്കിലെ സ്ഥിര നിക്ഷേപങ്ങളിൽ വെട്ടിപ്പുനടത്തി ലക്ഷങ്ങൾ തട്ടിയ കേസിൽ ബാങ്കിലെ താത്കാലിക ജീവനക്കാരൻ ഒളിവിൽ.
യൂകോ ബാങ്കിന്റെ ചോറ്റാനിക്കര ശാഖയിലെ താത്കാലിക ജീവനക്കാരനായ മുപ്പരത്തിൽ പ്രശാന്ത് (31) എന്നയാൾക്കെതിരേയാണ് ബാങ്ക് മാനേജർ പരാതി നൽകിയിട്ടുള്ളത്. ചോറ്റാനിക്കര പോലീസ്കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. പരാതി നൽകിയതിനെ തുടർന്നാണ് ജീവനക്കാരൻ ഒളിവിൽ പോയത്.
ബാങ്കിലെ പ്യൂൺ, സ്വീപ്പർ തസ്തികയിൽ ജോലി നോക്കിയിരുന്ന പ്രശാന്ത് ബാങ്കിലെ സ്ഥിര നിക്ഷേപങ്ങളുടെ രസീത് കൈക്കലാക്കുകയും നിക്ഷേപകരിൽനിന്നു പണം സ്വീകരിച്ചശേഷം ഇവ നൽകി പണം തട്ടുകയായിരുന്നെന്നുമാണ് മാനേജർ നൽകിയ പരാതിയിൽ പറയുന്നത്.
പത്തു വർഷമായി ബാങ്കിൽ ജോലി ചെയ്യുന്ന പ്രശാന്തിന് ഇടപാടുകാരുമായി അടുത്ത ബന്ധമാണുള്ളത്.കോവിഡ് മാനദണ്ഡങ്ങളുടെ പേരിൽ ബാങ്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മുതലെടുത്താണ് പണം തട്ടിയെടുത്തത്. ബാങ്കിൽനിന്നു കൈക്കലാക്കിയ സ്ഥിരനിക്ഷേപ രസീതുകളിൽ ഇയാൾ തന്നെ തുക രേഖപ്പെടുത്തി ബാങ്കിന്റെ സീലും പതിച്ചു നൽകുകയാണ് ചെയ്തിരുന്നത്.
ഇപ്രകാരം സ്ഥിര നിക്ഷേപം നടത്തിയയാൾ പണം പിൻവലിക്കാനെത്തിയപ്പോഴാണ് തട്ടിപ്പ് നടന്നതായി അറിഞ്ഞത്. മേയ് 24 മുതൽ ഓഗസ്റ്റ് ഏഴു വരെ ഏകദേശം 2,15,000 രൂപ തട്ടിയെടുത്തെന്നാണ് മാനേജർ പരാതിയിൽ പറഞ്ഞിരിക്കുന്നത്.
എന്നാൽ അസിസ്റ്റന്റ് മാനേജരുടെ കൈവശമുണ്ടായിരുന്ന 15ഓളം സ്ഥിര നിക്ഷേപ രസീതുകളും നഷ്ടമായിട്ടുള്ളതിനാൽ ഏകദേശം 12.5 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി സംശയിക്കുന്നു.