പത്തനംതിട്ട: സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ ഭൂമിയിടപാടില്‍ വ്യാജരേഖ ചമച്ച് 54 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസില്‍ രണ്ടുപേരെക്കൂടി പോലീസ് അറസ്റ്റു ചെയ്തു ജാമ്യത്തില്‍ വിട്ടു.
കേസിലെ രണ്ടാം പ്രതി ജെ. ഫാറൂഖ്, മൂന്നാം പ്രതി മൈലപ്ര സ്വദേശി ബിനു സൈമണ്‍ എന്നിവരെയാണ് വഞ്ചിയൂര്‍ ഇന്‍സ്പെക്ടര്‍ ദിപിന്, എസ്്ഐ അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരായി അറസ്റ്റ് വരിക്കുകയായിരുന്നു. ഒരു ലക്ഷം രൂപ ബോണ്ടായി കെട്ടിവയ്ക്കുകയും ചെയ്തു. ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു. ഫാറൂഖും ബിനുവും വസ്തു ഇടപാടില്‍ ഇടനിലക്കാരായിരുന്നുവെന്നു പറയുന്നു.
വ്യാജസീൽ
വിവരാവകാശ പ്രവര്‍ത്തകനായ റഷീദ് ആനപ്പാറയാണ് വിവരാവകാശ നിയമ പ്രകാരം തട്ടിപ്പ് പുറത്തു കൊണ്ടു വന്നത്. ഒന്നാം പ്രതിയായ വസ്തു ഉടമ ചിറ്റൂര്‍ ഇളങ്ങള്ളൂര്‍ എ.എം. രാജുവിനെ നേരത്തേ തന്നെ അറസ്റ്റ് ചെയ്തിരുന്നു.
തട്ടിപ്പ് നടത്തുന്നതിനായി കോഴഞ്ചേരി താലൂക്ക് ഓഫീസിന്റെ സീല്‍ വ്യാജമായി നിര്‍മിച്ചു. തഹസില്‍ദാരുടെ കള്ളയൊപ്പുമിട്ടു. കളക്ടറേറ്റിന് സമീപമുള്ള 12 സെന്റ് ഭൂമിയാണ് രാജു ബാങ്കിന് വിറ്റത്.
തഹസില്‍ദാര്‍ നല്കിയ യഥാര്‍ഥ വിലനിര്‍ണയ സര്‍ട്ടിഫിക്കറ്റ് മറച്ചുവച്ച് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെയും സഹകരണ സംഘം രജിസ്ട്രാറിനെയും കബളിപ്പിച്ചായിരുന്നു തട്ടിപ്പെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
വധഭീഷണി!
റഷീദിന്റെ പരാതിയിന്മേല് 2015 ല്‍ പത്തനംതിട്ട പോലീസ് കേസെടുത്തിരുന്നു. സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റായിരുന്ന സൈമണ്‍ അലക്സ് നല്കിയ പരാതിയില്‍ 2017 ല്‍ വഞ്ചിയൂര്‍ പോലീസും കേസെടുത്തു.
അന്വേഷണം വഴിമുട്ടിയതോടെ റഷീദ് ആനപ്പാറ മുഖ്യമന്ത്രിക്കു പരാതി നല്‍കിയതിന്റെ അന്വേഷണം നടത്തിയ സംസ്ഥാന വിജിലന്‍സും പത്തനംതിട്ട ജില്ലാ കളക്ടറും ഭൂമി തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
ഇതിനിടെ റഷീദിന് വധഭീഷണിയുമുണ്ടായി.പത്തനംതിട്ട സ്റ്റേഷനില്‍ ഇതിനു പ്രത്യേക കേസ് എടുത്തിട്ടുണ്ട്.