സ്വന്തം ലേഖകന്‍
കോഴിക്കോട്: കോര്‍പറേഷന്റെ അക്കൗണ്ടില്‍ നിന്ന് ബാങ്ക് മാനേജര്‍ രണ്ടരക്കോടിയിലേറെ രൂപ തിരിമറി നടത്തിയസംഭവത്തില്‍ ബാങ്ക് രേഖകള്‍ പരിേശാധിക്കാന്‍ പോലീസ്.
നിലവില്‍ പരാതി ലഭിച്ചതിനേക്കാള്‍ കൂടുതല്‍ തുക ബാങ്ക് അക്കൗണ്ടില്‍ നിന്നും നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.
അതേസമയം സംഭവത്തില്‍ കോര്‍പറേഷനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍.
കോര്പറേഷന് ഫണ്ട് വന്‍തോതില്‍ കവര്‍ന്നിട്ടും ഭരണസമിതിയും സെക്രട്ടറിയും അറിയാതെ പോയത് ഞെട്ടിപ്പിക്കുന്നതാണെന്ന് യുഡിഎഫ് കൗണ്‍സില്‍ പാര്‍ട്ടി.
കോര്പറേഷന് ഫണ്ട് വിനിയോഗവും നിത്യ വരവ് കൈകാര്യവും സംബന്ധിച്ച് സെക്രട്ടറിക്കും ഭരണസമിതിക്കും യാതൊരു ധാരണയും ഇല്ലെന്നാണ് പുതിയ സംഭവവികാസം തെളിയിക്കുന്നത്.
പഞ്ചാബ് നാഷണല്‍ ബാങ്കിലെ കോര്പറേഷന് ഫണ്ട് ഫണ്ട് കൈകാര്യം ചെയ്തതില്‍ ഉണ്ടായ വീഴ്ച മാപ്പര്‍ഹിക്കാത്തതാണെന്ന് യുഡിഎഫ് കൗണ്‍സില്‍ പാര്‍ട്ടി യോഗം കുറ്റപ്പെടുത്തി.
പഞ്ചാബ് നാഷണല്‍ ബാങ്കിലെ അക്കൗണ്ട് കുറിച്ച് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കണം. കോര്പറേഷന് സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം പുറപ്പെടുവിക്കാന്‍ ഭരണസമിതി തയ്യാറുണ്ടോ എന്ന് യുഡിഎഫ് വെല്ലുവിളിച്ചു.
ബാങ്ക് മുന്‍ മാനേജര്‍ നടത്തിയ സാമ്പത്തിക തട്ടിപ്പ് കോര്പറേഷന് അറിയുന്നതു തന്നെ ബാങ്കിന്റെ പുതിയ മാനേജര്‍ ടൗണ്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്കിയ ശേഷമാണെന്നത് അപഹാസ്യമാണെന്ന ആരോപണവും ഇവര്‍ ഉയര്‍ത്തുന്നു.
സംഭവം ഇങ്ങനെ…
കോര്‍പറേഷന്റെ പഞ്ചാബ് നാഷണല്‍ ബാങ്കിലെ അക്കൗണ്ടില്‍ നിന്നാണ് പണം തിരിമറി നടത്തിയത്.
ബാങ്കിന്റെ എരഞ്ഞിപ്പാലം ശാഖയിലെ മാനേജര്‍ എം.പി. റിജില്‍ അച്ഛന്റെ അക്കൗണ്ടിലേക്ക് 98 ലക്ഷത്തിലേറെ രൂപ മാറ്റിയതായാണ് കോര്പറേഷന് ആദ്യം കണ്ടെത്തിയത്.
അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാന്‍ കോര്പറേഷന് ബാങ്കിനെ സമീപിച്ചപ്പോള്‍ പണമില്ലെന്ന് കണ്ടെത്തി. അന്വേഷിച്ചപ്പോള്‍ പിഴവ് സംഭവിച്ചെന്നായിരുന്നു ബാങ്കിന്റെ വിശദീകരണം.
പണം അക്കൗണ്ടിലേക്ക് ഓട്ടോ ക്രെഡിറ്റാവുകയും ചെയ്തു. പിന്നീട് മറ്റൊരു അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ച ശേഷം കോര്പറേഷന് വിശദമായ അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ചു.
അപ്പോഴാണ് വലിയ തിരിമറി നടത്തിയതായി വ്യക്തമായത്. മൊത്തം രണ്ട് കോടി അന്‍പത്തിമൂന്ന് ലക്ഷം രൂപയുടെ തിരിമറിയാണ് ഇതുവരെ കണ്ടെത്തിയത്. കോര്പറേഷന് ടൗണ്‍ പോലീസില്‍ പരാതി നല്കി.
ഒറ്റമാസം, തട്ടിയത് 98 ലക്ഷം
തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻ ബാങ്ക് മാനേജര്‍ എം.പി. റിജിലിനെ പഞ്ചാബ് നാഷണല്‍ ബാങ്ക് സസ്പെൻഡ് ചെയ്തു. ഇന്നലെയാണ് സസ്പെൻഡ് ചെയ്തത്.
സംഭവത്തിൽ റിജിലിനെതിരേ ഐപിസി 1860-ലെ 409, 420 വകുപ്പ് പ്രകാരം ടൗൺ പോലീസ് കേസെടുത്തിട്ടുണ്ട്. ഇപ്പോഴത്തെ ബാങ്ക് മാനേജർ സി.ആർ. വിഷ്ണുവാണ് പരാതി നൽകിയത്.
ആഭ്യന്തര അന്വേഷണവും ബാങ്ക് തുടങ്ങിയിട്ടുണ്ട്. ഒക്ടോബർ പത്ത് മുതൽ നവംബർ 11 വരെ യുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്.
കോര്പറേഷന് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 13 അക്കൗണ്ടുകളാണ് ഉള്ളത്. ഇതില്‍ കോഴിക്കോട് ലിങ്ക് റോഡ് ശാഖയിലെ അക്കൗണ്ടില്‍ നിന്നാണ് പണം തിരിമറി നടത്തിയത്. റിജില്‍ ഈ ശാഖയില്‍ നേരത്തെ മാനേജരായിരുന്നു.