മഞ്ചേരി: വ്യാജ രേഖയുണ്ടാക്കി ബാങ്കുകളിൽ നിന്നു കോടികൾ തട്ടിയെന്ന കേസിലെ പ്രതിയെ മലപ്പുറം നാർക്കോട്ടിക് സെൽ ഡിവൈഎസ്പി സലീം അറസ്റ്റ് ചെയ്തു. ആനക്കയം ട്രീജി വില്ലയിൽ താമസിക്കുന്ന പാണ്ടിക്കാട് സ്വദേശി തയ്യിൽ അഹമ്മദ് (50) ആണ് അറസ്റ്റിലായത്.
വ്യാജ രേഖകൾ സമർപ്പിച്ച് മേലാറ്റൂർ ഫെഡറൽ ബാങ്കിൽനിന്നു ഒരു കോടി രൂപ തട്ടിയെടുത്തു എന്ന പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സിൽ അഹമ്മദിന്റെ ഭാര്യ സമീറ, സഹോദരൻ മുനീർ റഹ്മാൻ, സഹോദര ഭാര്യ മുംതാസ് എന്നിവരും പ്രതികളാണ്.
പ്രതി ഇരുപതു വർഷമായി മലപ്പുറം, പാലക്കാട് ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ താമസിച്ചു അതതു സ്ഥലത്തെ വിലാസത്തിൽ മേൽവിലാസം ഉപയോഗിച്ചു പാൻ കാർഡുകളും മറ്റും ഉണ്ടാക്കിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ജോലിയെ ബാധിക്കുമെന്നതിനാൽ പല കേസുകളിലും ബാങ്ക് ഉദ്യോഗസ്ഥർ സ്വന്തം കൈയിൽ നിന്നു പണമെടുത്ത് അടക്കുന്നതിനാൽ പ്രതി രക്ഷപ്പെടാറാണ് പതിവ്.
കോഴിക്കോട് വിജിലൻസ് കോടതിയിൽ ഇയാൾക്കെതിരെ കേസ് നിലവിലുണ്ട്. വ്യാജരേഖയുണ്ടാക്കി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ നിന്നു മൂന്നു കോടിയോളം രൂപ തട്ടിയെന്നാണ് കേസ്. ഭാര്യ കൂട്ടു പ്രതിയായ ഈ കേസിൽ 12 കോടിയോളം രൂപ ഇയാളുടെ പേരിൽ ബാധ്യതയുള്ളതായും പ്രതി പിടിയിലായതറിഞ്ഞു നിരവധി ചെക്ക് തട്ടിപ്പ് പരാതികൾ വന്നു കൊണ്ടിരിക്കുന്നതായും പോലീസ് പറഞ്ഞു.
ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാറിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം നാർക്കോട്ടിക് സെൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ എസ്ഐ ഉമ്മർ മേമന, എഎസ്ഐ കൃഷ്ണൻ, മുഹമ്മദലി, ഷൈജു, പി. സഞ്ജീവ്, സെയ്ത് മുഹമ്മദ്, ബിനു മനോജ്, യൂനസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ പെരിന്തൽമണ്ണ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.