തൃശൂർ: നാട്ടിലേക്ക് പണമയക്കാനെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കബളിപ്പിച്ച് പണം തട്ടിയിരുന്ന അന്തർ സംസ്ഥാന സംഘത്തെ പോലീസ് പിടികൂടി. ബീഹാർ സ്വദേശികളായ സാഹിബ് കുമാർ സഹാനി (22), സുകത് സഹാനി (24), ചുന്നു സഹാനി (20), ബുവാലികുമാർ (25), ചന്ദൻ കുമാർ (25) എന്നിവരാണ് പിടിയിലായത്.
ഇതര സംസ്ഥാന തൊഴിലാളിയിൽനിന്ന് പണം തട്ടിയ കേസിൽ അന്വേഷണത്തിനിടെയാണ് പ്രതികൾ പിടിയിലായത്. നായ്ക്കനാലിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മെയിൻ ബ്രാഞ്ചിൽ വച്ച് പശ്ചിമബംഗാൾ സ്വദേശി റഫിക്കുൾ എന്നയാളുടെ പണമാണ് ഇവർ കവർന്നത്.
പണം ഡെപ്പോസിറ്റ് ചെയ്യാനെത്തിയ റഫിക്കുളിനെ ഫോം പൂരിപ്പിക്കുന്നതിനും പണം ഡെപ്പോസിറ്റ് ചെയ്യുന്നതിനും സഹായിക്കുന്നതുപോലെ അടുത്തുകൂടി പതിനായിരം രൂപ തട്ടി മുങ്ങുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ നിരവധി ഇതരസംസ്ഥാന തൊഴിലാളികളെ ഇവർ ഇത്തരത്തിൽ കബളിപ്പിച്ചതായും ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തതായും മനസിലായി.
സിറ്റി ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് പോലീസ് കമ്മിഷണർ ബാബു കെ.തോമസ്, ഈസ്റ്റ് സിഐ ബിജു എന്നിവരുടെ നേതൃത്വത്തിൽ എസ്ഐ ടി.ആർ.ഗ്ലാഡ്സ്റ്റണ്, സതീഷ് പുതുശേരി, എഎസ്ഐമാരായ മുഹമ്മദ് അഷ്റഫ്, എൻ.ജി. സുവൃതകുമാർ, പി.എം. റാഫി, വിനയചന്ദ്രൻ, കെ. ഗോപാലകൃഷ്ണൻ, സീനിയർ സിപിഒ ടി.വി. ജീവൻ, സിപിഒമാരായ പി.കെ. പഴനിസ്വാമി, എം.എസ്. ലിഗേഷ്, കെ.ബി. വിപിദാസ് എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.
തട്ടിപ്പ് തൊഴിലാളികളുടെ അറിവില്ലായ്മ മുതലാക്കി
തൃശൂർ: കേരളത്തിൽ തൊഴിൽ ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ അറിവില്ലായ്മ മുതലാക്കിയായിരുന്നു പോലീസ് പിടിയിലായ ബീഹാറി സംഘത്തിന്റെ തട്ടിപ്പുകളിലധികവും. പണം നിക്ഷേപിക്കുന്നതിനും പണം നാട്ടിലുള്ള ബന്ധുക്കൾക്ക് അയക്കുന്നതിനും നിരവധി ഇതരസംസ്ഥാന തൊഴിലാളികളാണ് ബാങ്കുകളിൽ എത്തുന്നത്. ഈ തൊഴിലാളികളിൽ പലർക്കും എഴുത്തും വായനയും അറിയില്ല.
എഴുത്തും വായനയും അറിഞ്ഞാലും തന്നെ ബാങ്കിലെ ആളുകളോട് സംസാരിക്കാൻ മടിയായതിനാലും ചിലർ ഇടനിലക്കാരുടെ സഹായം തേടുന്നു. ഇത്തരത്തിലുള്ളവരെയാണ് ബീഹാറി സംഘം കബളിപ്പിച്ചിരുന്നത്. തട്ടിപ്പുസംഘത്തിന്റെ പ്രവർത്തനശൈലി പോലീസ് വിവരിക്കുന്നതിങ്ങനെ: പണവുമായി എത്തുന്ന ഇതരസംസ്ഥാന തൊഴിലാളിയെ, തട്ടിപ്പുസംഘത്തിലെ ഒരാൾ സഹായിക്കാനെന്ന വ്യാജേന സമീപിക്കുന്നു.
മറ്റുള്ളവർ പരിസരം നിരീക്ഷിക്കുന്നതിനായി പല സ്ഥലങ്ങളിലായി നിലയുറപ്പിക്കും. സഹായിക്കാനെത്തിയയാൾ ഡെപ്പോസിറ്റ് ഫോം പൂരിപ്പിക്കുന്നതിനിടെ എണ്ണിത്തിട്ടപ്പെടുത്താനെന്നവണ്ണം തൊഴിലാളിയിൽനിന്ന് പണം വാങ്ങുന്നു. പകരം തട്ടിപ്പുസംഘം കൊണ്ടുവന്ന നോട്ടുകെട്ടിന്റെ മാതൃകയിലുള്ള കടലാസു കെട്ട് സൂത്രത്തിൽ തൊഴിലാളിയെ ഏൽപ്പിച്ച് മുങ്ങുകയാണ് രീതി.
അറസ്റ്റിലായ അഞ്ചുപേരും ബീഹാറിലെ ചന്പാരൻ ഗ്രാമവാസികളാണ്. തൃശൂർ, ആലുവ, അങ്കമാലി, എറണാകുളം എന്നിവിടങ്ങളിൽ നിരവധി ആളുകളെ ഇത്തരത്തിൽ കബളിപ്പിച്ച് ലക്ഷങ്ങൾതട്ടിയെടുത്തതായി ഇവർ സമ്മതിച്ചതായി പോലീസ് പറഞ്ഞു. പ്രതികളിൽനിന്ന് ഒന്പത് മൊബൈൽ ഫോണുകളും 58000 രൂപയും തട്ടിപ്പിനുപയോഗിക്കുന്ന വ്യാജ നോട്ടുകെട്ടുകളും കണ്ടെടുത്തിട്ടുണ്ട്.