പാലാ: കരമടച്ച രസീതും കൈവശാവകാശ സർട്ടിഫിക്കറ്റുകളും വ്യാജമായി നിർമിച്ചു ഭരണങ്ങാനം എസ്ബിഐ ശാഖയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ മൂന്നുപേരെ അറസ്റ്റു ചെയ്തു. ബാക്കിയുള്ള പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
പാലാ സ്വദേശി സിബി (52), മേലുകാവ് സ്വദേശി ജയ്സണ് (50) കൊല്ലപ്പള്ളി സ്വദേശിനി മണിക്കുട്ടി എന്നിവരാണ് അറസ്റ്റിലായത്. വ്യാജമായി മീനച്ചിൽ, ളാലം വില്ലേജ് ഓഫീസുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളുടെ വ്യാജ കരമടച്ച രസീതും കൈവശാവകാശ സർട്ടിഫറ്റും ഉൾപ്പെടെയുള്ളവ എസ്ബിഐ ശാഖയിൽ സമർപ്പിച്ചാണു പ്രതികൾ ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തത്.
നിരവധയാളുടെ പേരുകളിൽ വ്യാജ രേഖകൾ നിർമ്മിച്ചാണ് ഇവർ പണം തട്ടിയത്. സമാനമായ രീതിയിൽ വേറെയും തട്ടിപ്പുകൾ നടന്നിട്ടുണ്ടെന്നു കാണിച്ചു ബാങ്ക് അധികൃതർ പോലീസിൽ നല്കിയ പരാതിയിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികൾ 2015ൽ യഥാർഥ രേഖകൾ നൽകി ഭവനവായ്പയെടുത്ത് കൃത്യമായി തിരിച്ചടച്ച് വിശ്വാസ്യത ആർജിച്ചശേഷമാണ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. ബാങ്കിൽ പുതുതായി എത്തിയ ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ടു നിരവധി പേരെ ഉടൻ ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു. പാലാ ഡിവൈഎസ്പി ഷാജിമോൻ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.