മുംബൈ: രാജ്യത്തെ ബാങ്ക് വായ്പാ ക്രമക്കേടുകൾ കണ്ടെത്താൻ പ്രത്യേക നീക്കവുമായി സിബിഐ. ബാങ്ക് വായ്പാ ക്രമക്കേട് സംബന്ധിച്ച ആരോപണമുയർന്ന, 12 സംസ്ഥാനങ്ങളിലെ 61 കേന്ദ്രങ്ങളിൽ മുന്നൂറിലധികം സിബിഎെ ഉദ്യോഗസ്ഥർ ഇന്നലെ റെയ്ഡ് നടത്തി. വിവിധ കേന്ദ്രങ്ങളിലായി 1139 കോടിയുടെ സാന്പത്തികക്രമക്കേടുകൾ റെയ്ഡിൽ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് 17 കേസുകളാണ് സിബിഎെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വായ്പയെടുത്ത് തിരിച്ചടയ്ക്കാത്ത സ്ഥാപനങ്ങളിലാണു റെയ്ഡ് നടന്നത്. എസ്ബിഐ, യൂണിയൻ ബാങ്ക്, സിഡ്ബി, ബാങ്ക് ഓഫ് ബറോഡ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ബാങ്കുകളുടെയും മറ്റു ധനകാര്യ സ്ഥാപനങ്ങളുടെയും പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ധനകാര്യ സ്ഥാപനങ്ങൾ, കന്പനികൾ, ബാങ്ക് ഡയറക്ടർമാർ, പ്രമോട്ടർമാർ, ഉന്നത ബാങ്ക് ഉദ്യോഗസ്ഥർ തുടങ്ങിയവരെ പ്രതിചേർത്താണ് കേസുകൾ.
എക്സിം ബാങ്കിൽനിന്ന് 202 കോടിയുടെ തട്ടിപ്പ് നടത്തിയ കേസിൽ പോലീസ് അന്വേഷിക്കുന്ന ജതിൻ മേത്തയുടെ മുംബൈയിലെ വിൻസം ഗ്രൂപ്പ്, തയൽ ഗ്രൂപ്പിന്റെ എസ്കെ നിട്ട്, ഡൽഹിയിലെ നാഫ്ടോഗസ്, എസ് എൽ കൺസ്യൂമർ പ്രോഡക്ട്സ്, ബംഗളൂരുവിലെ ഏഗൻ ബാറ്ററീസ്, ഭോപ്പാലിലെ രഞ്ചീത് ഓട്ടോമൊബൈൽസ്, പഞ്ചാബിലെ ഇന്റർനാഷണൽ മെഗാ ഫുഡ് പാർക്ക്, സുപ്രീം ടെക്സ് മാർട്ട് തുടങ്ങിയ സ്ഥാപനങ്ങൾക്കെതിരേയാണു കേസെടുത്തിരിക്കുന്നത്.
ഡൽഹി, മുംബൈ, ലുധിയാന, താനെ, വൽസദ്, പൂന, പളനി, ഗയ, ഗുരുഗ്രാം, ചണ്ഡിഗഡ്, ഭോപ്പാൽ, സുറത്ത്, കോലാർ തുടങ്ങിയ സ്ഥലങ്ങളിലാണ് സിബിഎെ റെയ്ഡ് നടത്തിയത്. സിബിഐ ഡയറക്ടർ ഋഷി കുമാർ ശുക്ലയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടന്ന റെയ്ഡിലും അന്വേഷണത്തിലും രാജ്യത്തെ വിവിധ സിബിഐ യൂണിറ്റുകളിൽനിന്നുള്ള ഉദ്യോഗസ്ഥാരാണ് പങ്കെടുത്തത്. റെയ്ഡും അന്വേഷണങ്ങളും പുരോഗമിക്കുകയാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ നടപടികളുണ്ടാകുമെന്നും സിബിഎെ വൃത്തങ്ങൾ അറിയിച്ചു.