സ്വന്തം ലേഖകൻ
തലശേരി: പാനൂരിൽ സഹകരണ സംഘത്തിൽ 30 ലക്ഷത്തിന്റെ തട്ടിപ്പ്. തട്ടിപ്പ് നടത്തിയ യുവ നേതാവിനെ സെക്രട്ടറി പദവിയിൽ നിന്നും പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട ഔദ്യാഗിക ചുമതലകളിൽ നിന്നും നീക്കി.
ക്രമക്കേടിനെ തുടർന്ന് പുറത്താക്കിയ നേതാവിനെ തലശേരിയിലെ സഹകരണ സ്ഥാപനത്തിൽ ജോലി നൽകിയതും വിവാദമായി.
തലശേരിയിലെ സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ചെങ്കിലും നേരത്തെ പ്രവർത്തിച്ച സ്ഥാപനത്തിൽ നിന്നും വിടുതൽ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ തലശേരിയിലെ സ്ഥാപനത്തിൽ നടക്കേണ്ട നിയമനം അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
തട്ടിയെടുത്ത തുക തിരിച്ചടച്ചാൽ മാത്രമേ വിടുതൽ സർട്ടിഫിക്കറ്റ് നൽകൂ എന്ന നിലപാടിലാണ് നേരത്തെ നേതാവ് ജോലി ചെയ്ത സ്ഥാപനത്തിന് ഉള്ളതെന്നാണ് അറിയുന്നത്.
വായ്പയെടുത്ത് തിരിച്ചടവ് പൂർത്തിയാക്കിയവരുടെ അപേക്ഷകൾ ഉപയോഗിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയതെന്നാണ് പുറത്ത് വന്നിട്ടുള്ള വിവരം. തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് നോട്ടീസ് ലഭിച്ച ഇടപാടുകാർ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്.
ഇതിന് പുറമെ അധ്യാപക നിയമനം വാഗ്ദാനം ചെയ്ത് ചില ഉദ്യോഗാർഥികളിൽ നിന്നും ഈ നേതാവ് പണം വാങ്ങിയിട്ടുള്ളതായും ആരോപണം ഉയർന്നിട്ടുണ്ട്. സംഭവം വിവാദമായതോടെയാണ് യുവജന വിഭാഗത്തിന്റെ നേതൃത്വ സ്ഥാനത്തു നിന്നും പാർട്ടി പ്രാദേശിക ഘടകത്തിന്റെ കമ്മറ്റിയിൽ നിന്നും ഇയാളെ പുറത്താക്കിയത്.
മാത്രവുമല്ല, നടപടികൾ മേൽ കമ്മറ്റികൾക്ക് റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. എന്നാൽ, ക്രമക്കേടിനെ തുടർന്ന് നടപടി നേരിട്ടയാളെ പാർട്ടി സ്ഥാപനത്തിൽ തന്നെ വീണ്ടും നിയമിച്ചത് പാർട്ടിക്കുള്ളിൽ സജീവ ചർച്ചയായിട്ടുണ്ട്.
പാർട്ടി പ്രാദേശിക സമ്മേളനങ്ങളിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് വലിയ ചർച്ചകളാണ് നടന്ന് വരുന്നത്. “പ്രശ്നങ്ങളുണ്ട്, പരിഹരിക്കും..പർവതീകരിക്കരുത് ” എന്നായിരുന്നു ഉന്നത നേതാവിന്റെ ഇത് സംബന്ധിച്ച അന്വേഷണങ്ങളോടുള്ള പ്രതികരണം.