ആലുവ: രണ്ടാഴ്ച നീണ്ടുനിന്ന വിശദമായ പോലീസ് കസ്റ്റഡിയിലെ തെളിവെടുപ്പുകൾക്കുശേഷം യൂണിയൻ ബാങ്ക് ആലുവ ശാഖയിൽനിന്നും പണയസ്വർണ ഉരുപ്പടികൾ കവർന്ന് തിരിമറി നടത്തിയ കേസിലെ പ്രതികളായ ദന്പതികളെ കോടതി റിമാൻഡ് ചെയ്തു. ബാങ്ക് അസി. മാനേജർ അങ്കമാലി സ്വദേശി സിസ്മോൾ, ഭർത്താവ് സുജിത് എന്നിവരെയാണ് ആലുവ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് ഇന്നലെ റിമാൻഡ് ചെയ്തത്.
സിസ്മോളെ കാക്കനാട് വനിതാ ജയിലിലും സജിത്തിനെ ആലുവ സബ്ജയിലിലുമാണ് പാർപ്പിച്ചിരിക്കുന്നത്. കസ്റ്റഡി കാലയളവിൽ ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷന്റെ സെല്ലിലായിരുന്നു ഇരുവരും.ബാങ്കിൽ പണയപ്പെടുത്തിയ 128 ഇടപാടുകാരിൽനിന്നും രണ്ടരകോടിയോളം രൂപ വില വരുന്ന 8.85 കിലോഗ്രാം പണയസ്വർണമാണ് പലപ്പോഴായി സിസ്മോളുടെ നേതൃത്വത്തിൽ കടത്തിയത്.
ഈ സ്വർണം പിന്നീട് ആലുവ, അങ്കമാലി മേഖലയിലെ വിവിധ ബാങ്കുകളിലും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലുമായി ഭർത്താവ് സജിത്തിന്റെ ഒത്താശയോടെ പണയപ്പെടുത്തുകയായിരുന്നു. സ്വർണപണയ ഉരുപ്പടി തിരികെയെടുത്ത് പരിശോധിച്ച ഒരു ഇടപാടുകാരന് തോന്നിയ സംശയമാണ് ബാങ്കിലെ കോടികളുടെ തിരിമറി പുറത്ത് കൊണ്ടുവന്നത്.
സ്വർണം കടത്തിയ സംഭവം ബാങ്ക് അധികൃതർ കണ്ടെത്തിയതറിഞ്ഞ അന്നുതന്നെ സിസ്മോളും ഭർത്താവും അങ്കമാലിയിലെ വാടക വീട് പൂട്ടി നാടുവിട്ടു. ആലുവ ഈസ്റ്റ് പോലീസിൽ ബാങ്ക് മാനേജർ പരാതി നൽകിയ പ്രകാരം പ്രത്യേക സംഘം അന്വേഷണമാരംഭിക്കുകയായിരുന്നു. ഒരു മാസത്തെ ഒളിവ് ജീവിതത്തിനുശേഷം കഴിഞ്ഞ 13ന് കോഴിക്കോടുനിന്നും ദന്പതികളെ കണ്ടെത്തി.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ തെളിവെടുപ്പിനായി പിന്നീട് പോലീസിന് വിട്ടു കൊടുത്തു. ആദ്യ കസ്റ്റഡി കാലയളവിൽതന്നെ ആറര കിലോയോളം സ്വർണം പോലീസ് റിക്കവറി ചെയ്തിരുന്നു.വീണ്ടും ഒരാഴ്ചകൂടി കസ്റ്റഡി കാലാവധി കോടതി നീട്ടി നൽകിയതിനാൽ ശേഷിക്കുന്ന സ്വർണവും വിവിധ സ്ഥാപനങ്ങളിൽനിന്നും പ്രതികളുമായി എത്തി കണ്ടെടുത്തു. നഷ്ടമായ സ്വർണത്തിന്റെ സിംഹഭാഗവും റിക്കവറി ചെയ്തതായി പോലീസ് പറയുന്നു.
ബാങ്കിൽനിന്നും എടുത്ത ഒരു സ്വർണവള ഒളിവിൽ കഴിയവേ പണയപ്പെടുത്തിയ കോഴിക്കോട്ടെ സ്ഥാപനത്തിലെത്തിച്ച് തിരിച്ചെടുത്തിട്ടുണ്ട്. ലോക്കറിൽനിന്നും കടത്തികൊണ്ടുപോയ സ്വർണ ഉരുപ്പടികളുടെ തൂക്കവും ഇടപാടുകാരുടെ വിലാസവും അത് പണയപ്പെടുത്തിയിരുന്ന സ്ഥാപനങ്ങളുടെ വിവരങ്ങളും ഡയറിയിൽ കൃത്യമായി എഴുതി വച്ചിരുന്നതിനാൽ പോലീസിന് റിക്കവറി നടപടികൾ വളരെ എളുപ്പമാക്കി.
ഭർത്താവ് സജിത്തിന്റെ ആർഭാടജീവിതംമൂലമുണ്ടായ നഷ്ടം നികത്താനാണ് ബാങ്കിലെ സ്വർണം സിസ്മോൾ തിരിമറി നടത്തിയിരുന്നതെന്നാണ് പോലീസിന്റെ നിഗമനം. ചൂതാട്ട കച്ചവടക്കാരനായ സജിത്ത് സ്വന്തമായി നടത്തിയിരുന്ന ഷെയർമാർക്കറ്റ് ബിസിനസും നഷ്ടമായതോടെ ഭാര്യയെ ഭീഷണിപ്പെടുത്തിയായിരുന്നു ബാങ്കിനെ കബളിപ്പിച്ചിരുന്നത്. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു.
അറസ്റ്റിലായത് മുതൽ ദന്പതികളെ സഹായിക്കാൻ ബന്ധുക്കളാരും കാര്യമായി രംഗത്തുണ്ടായിരുന്നില്ല. ബാങ്കും ഇവരെ കൈയൊഴിയുകയായിരുന്നു. ഡിവൈഎസ്പി എൻ.ആർ. ജയരാജിന്റെ നേതൃത്വത്തിൽ സിഐ വിശാൽ കെ. ജോണ്സണ്, എസ്ഐമാരായ എം.എൻ. ഫൈസൽ, മുഹമ്മദ് ബഷീർ തുടങ്ങിയവരടങ്ങിയ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.