മുംബൈ: കറന്റ് അക്കൗണ്ടുകൾ ബാങ്കുകൾ തിങ്കളാഴ്ച മരവിപ്പിച്ചതോടെ രാജ്യത്തെ ആയിരക്കണക്കിനു ചെറുകിട വ്യവസായങ്ങൾ പ്രതിസന്ധിയിലായി.
വായ്പയെടുത്തവർ ഫണ്ടുകൾ വിവിധ ബാങ്കുകൾ വഴി കൈകാര്യം ചെയ്യുന്നതു തടയുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പുറപ്പെടുവിച്ച നിർദേശങ്ങൾ രാജ്യത്തെ ബാങ്കുകൾ പാലിച്ചതോടെയാണു കന്പനികളുടെ കറന്റ് അക്കൗണ്ടുകൾ മരവിപ്പിച്ചത്.
കാഷ് ക്രെഡിറ്റ്/ഓവർ ഡ്രാഫ്റ്റ് എന്നിവ എടുത്തിട്ടുള്ളവർ മറ്റു ബാങ്കുകളിൽ കറന്റ് അക്കൗണ്ടുകൾ പ്രവർത്തിപ്പിക്കുന്നതു തടയുന്നതിനുള്ള ഇത്തരവ് 2020 ഓഗസ്റ്റിൽ ആർബിഐ പുറപ്പെടുവിച്ചിരുന്നു.
ആർബിഐ ഉത്തരവ് നടപ്പിലാക്കുന്നതിനു ബാങ്കുകൾ ജൂലൈ വരെ ഇടപാടുകാർക്കു സാവകാശം അനുവദിച്ചിരുന്നു. എന്നാൽ, കറന്റ് അക്കൗണ്ടുകൾ മരവിപ്പിച്ചു കഴിഞ്ഞപ്പോഴായിരുന്നു പല വ്യവസായികളും ഇതേപ്പറ്റി അറിയുന്നത് .
അക്കൗണ്ടുകൾ മരവിപ്പിക്കപ്പെട്ടതിനാൽ ശന്പള വിതരണവും മറ്റു ഇടപാടുകളും നടത്താനാകാതെ കന്പനികൾ വൻ പ്രതിസന്ധിയിലായി.
കാഷ് ക്രെഡിറ്റ്/ഓവർ ഡ്രാഫ്റ്റ് ഇടപാടുകളുള്ള ബാങ്കുകൾ, കൺസോഷ്യം എന്നിവയ്ക്കു പുറമേ മറ്റു ബാങ്കുകളിലൂടെ കന്പനികൾ ഇടപാട് നടത്തുന്നതു തടയുന്നതിനായാണു റിസർവ് ബാങ്ക് പുതിയ വിജ്ഞാപനം ഇറക്കിയത്.
കാഷ് ക്രെഡിറ്റ് /ഓവർ ഡ്രാഫ്റ്റ് എന്നിവയുള്ള ബാങ്കുകളിലൂടെ മാത്രം ഇടപാടുകൾ നടത്താനാണു നിർദേശം.
കന്പനികൾക്ക് ആറുമാസംകൂടി സാവകാശം നൽകി, ആർബിഐ വിജ്ഞാപനം പരിഷ്കരിച്ച് ഇറക്കണമെന്ന് ഐഎംസി ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് രാജീവ് പോഡർ പറഞ്ഞു.
ശന്പള വിതരണവും മറ്റ് ഇടപാടുകളും നടത്തുന്നതിനായി കന്പനികൾക്ക് ബാങ്കുകൾ ഷാഡോ അക്കൗണ്ടുകൾ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.