ലക്നൗ: ജോലി സമ്മർദ്ദത്തെത്തുടർന്ന് ബാങ്ക് ജീവനക്കാരി കുഴഞ്ഞുവീണു മരിച്ചു. ഉത്തർപ്രദേശ് ലക്നൗവിലെ എച്ച്ഡിഎഫ്സി ബാങ്കിന്റെ വിഭൂതിഖണ്ഡ ബ്രാഞ്ചിലെ അഡീഷണൽ ഡെപ്യൂട്ടി വൈസ്-പ്രസിഡന്റ് സദാഫ് ഫാത്തിമയാണ് (45) ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചത്.
ഫാത്തിമയുടെ മരണം അമിതമായ ജോലി ഭാരത്തെത്തുടർന്നാണെന്നു സഹപ്രവർത്തകർ ആരോപിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്കാണു സംഭവം. ജോലിക്കിടെ അസ്വസ്ഥത തോന്നിയ ഫാത്തിമ കഫ്റ്റീരയയിൽ ഇരിക്കുമ്പോഴാണു കുഴഞ്ഞുവീഴുന്നത്. സഹപ്രവർത്തകർ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പുനെയിലെ ഇവൈ കമ്പനിയിലെ ജോലി സമ്മർദത്തെത്തുടർന്നു മരിച്ച എറണാകുളം സ്വദേശിനി അന്ന സെബാസ്റ്റ്യന്റെ മരണത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നതിനിടെയാണു രാജ്യത്തു സമാനമായ മറ്റൊരു മരണം സംഭവിക്കുന്നത്.