തൃശൂരിൽ ബാങ്ക് ജീവനക്കാരനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബാങ്ക് കൊള്ളയടിച്ച പ്രതിയെ അതി വിദഗ്ധമായി കേരളാ പോലീസ് പിടികൂടിയതൊക്കെ വാർത്തകളിൽ നിറഞ്ഞ് നിൽക്കുകയാണ്. ഇപ്പോഴിതാ ബാങ്ക് കൊള്ളയടിക്കാൻ ഒരു കള്ളൻ എത്തിയ വാർത്തയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും നിറയുന്നത്.
സൗത്ത് കൊറിയയിലെ ബുസാൻ ബാങ്കിലാണ് സംഭവം. തോക്കുമായാണ് കള്ളൻ എത്തിയത്. മുഖംമൂടി ധരിച്ച് എത്തിയ ഇയാൾ തോക്ക് പോലെ തോന്നിക്കുന്ന ഒരു വസ്തു ബാഗിൽ നിന്ന് പുറത്തെടുത്തു. ഒറ്റനോട്ടത്തിൽ ഇത് തോക്ക് തന്നെയെന്ന് തോന്നിക്കും. ഇതോടെ ബാങ്ക് ജീവനക്കാർ പരിഭ്രാന്തരായി. ബാങ്കിൽ ഉണ്ടായിരുന്ന ജീവനക്കാരോടും ഇടപാടുകാരോടും മുട്ടുകുത്തി നിൽക്കാൻ ഇയാൾ ആവശ്യപ്പെട്ടു. പേടിച്ചുപോയ എല്ലാവരും അയാളുടെ വാക്കുകൾ അക്ഷരംപ്രതി അനുസരിച്ചു.
തുടർന്ന് അയാൾ ബ്രാഞ്ച് മാനേജരുടെ മുറിയിലേക്ക് കയറാൻ ശ്രമിച്ചു. ക്ലൈന്റിനോടൊപ്പം സംസാരിച്ചിരിക്കുകയായിരുന്ന മാനേജർ ഉടൻതന്നെ വാതിൽ പൂട്ടി. തുടർന്ന് പോലീസിനെ വിളിക്കുകയും ബാങ്കിന്റെ എമർജൻസി അലാറം അടിക്കുകയും ചെയ്തു. താൻ പെട്ടുപോകുമെന്ന് മനസിലാക്കിയതോടെ കള്ളൻ വേഗംതന്നെ കാഷ്യറുടെ നേരെ തിരിഞ്ഞ് തന്റെ ബാഗില് പണം നിറയ്ക്കാൻ ആവശ്യപ്പെട്ടു.
ഉടൻതന്നെ ഇയാളെ പിന്നിൽ നിന്നും മറ്റൊരു ജീവനക്കാരൻ തള്ളി വീഴ്ത്തി. ഏറെ നേരത്തെ സംഘട്ടനത്തിനു ശേഷം ഇയാളെ പിടികൂടുകയായിരുന്നു. ഇയാളുടെ കൈവശം ഉണ്ടായിരുന്ന തോക്ക് പരിശോധിച്ചപ്പോഴാണ് കുട്ടികൾ കളിക്കുന്ന വാട്ടർ ഗൺ ആണെന്ന് മനസിലായത്. പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. അതിനെക്കുറിച്ച് ഇപ്പോൾ ഓർക്കുന്പോൾ ചിരി വരുന്നുണ്ടെങ്കിലും ആ സമയം നന്നായി ഭയന്നു പോയെന്ന് ബാങ്ക് ജീവനക്കാർ പറഞ്ഞു.