സ്വന്തം ലേഖകൻ
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് അയ്യന്തോൾ സർവീസ് സഹകരണബാങ്കിൽ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ 24 മണിക്കൂർ നീണ്ട പരിശോധന അവസാനിച്ചു.
ഇന്നലെ രാവിലെ തുടങ്ങിയ പരിശോധന ഇന്നു രാവിലെ എട്ടരയോടെയാണ് അവസാനിച്ചത്. കരുവന്നൂർ കേസിലെ മുഖ്യപ്രതി സതീഷ്കുമാറിന്റെയും ബന്ധുക്കളുടേയും ബിനാമികളുടേയും പേരിലുള്ള വിവിധ അക്കൗണ്ടുകൾ സംബന്ധിച്ച രേഖകൾ ഇഡി പരിശോധിച്ചു. സതീഷ്കുമാറിന്റെ അക്കൗണ്ടുകൾ തന്നെയാണ് ഇഡിപ്രധാനമായും പരിശോധിച്ചത്.
സതീഷ് കുമാറിന്റെ അക്കൗണ്ട് വിവരങ്ങൾ ഇഡി സംഘം പൂർണമായും പരിശോധിച്ചുവെന്ന് അയ്യന്തോൾ ബാങ്ക് പ്രസിഡന്റ് എൻ. രവീന്ദ്രനാഥൻ പറഞ്ഞു. ഇഡി വന്നത് പരിഭ്രാന്തി പരത്തിക്കൊണ്ടായിരുന്നുവെന്നും സതീഷ് കുമാറിന്റെ അക്കൗണ്ട് വിവരങ്ങൾ ചോദിക്കുകയും പിന്നീട് അക്കൗണ്ട് വിവരങ്ങൾ പൂർണമായും പരിശോധിച്ചുവെന്നും എൻ.രവീന്ദ്രനാഥൻ പറഞ്ഞു.
ഒരു കസ്റ്റമർ ഒറ്റ ദിവസം 25 തവണ പണം അടച്ചാൽ ബാങ്കിന് ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന് രവീന്ദ്രനാഥ് പറഞ്ഞു. പല ആളുകൾ ആയിരിക്കും ഒരു ദിവസം പണം അടച്ചിട്ടുണ്ടാവുക.
സതീഷ് കുമാർ ബാങ്കിനെ ദുരുപയോഗം ചെയ്തിരിക്കാമെന്നും പസിഡന്റ് പറഞ്ഞു. ഇഡി റെയ്ഡ് നടന്നെങ്കിലും നിക്ഷേപകർക്ക് ആശങ്ക വേണ്ട. ഏത് കസ്റ്റമർ വന്നാലും അത്യാവശ്യമുള്ള പണം നൽകാൻ സാധിക്കുമെന്നും എൻ. രവീന്ദ്രനാഥൻ പറഞ്ഞു.
അയ്യന്തോൾ ബാങ്കിൽ സതീഷ് പരിചയപ്പെടുത്തിയവരുടെ വായ്പാ ഇടപാടുകൾ സംബന്ധിച്ചും ചില രേഖകൾ ഇഡി പരിശോധിച്ചു. പലരും സതീഷിന്റെ പിന്തുണയോടെ വായ്പകൾക്കായി വന്നിട്ടുണ്ടെന്നും കണ്ടെത്തിയതായി സൂചനയുണ്ട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളും ഇഡിക്ക് കൈമാറിയിട്ടുണ്ടെന്ന് ബാങ്ക് പ്രസിഡന്റ് പറഞ്ഞു.
സതീഷ് കുമാർ കള്ളപ്പണം വെളുപ്പിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. സതീഷ് കുമാർ ബന്ധുക്കളുടെ അടക്കം പേരിൽ ഈ ബാങ്കിലെടുത്ത നാല് അക്കൗണ്ടുകൾ വഴി കള്ളപ്പണം വെളിപ്പിച്ചുവെന്നാണ് കണ്ടെത്തൽ.
ഈ അക്കൗണ്ടുകൾ നേരത്തെ ഇഡി മരവിപ്പിച്ചിരുന്നു. അക്കൗണ്ട് വഴി നടത്തിയ ട്രാൻസാക്ഷൻ എന്തെല്ലാമാണെന്ന് അറിയാനാണ് ഇഡി സംഘമെത്തിയത്. ഒരു ദിവസം തന്നെ 50000 രൂപ വെച്ച് 25ലേറെ തവണ ഇടപാടുകൾ എങ്ങനെ നടത്തിയെന്നടക്കമാണ് ഇഡി പരിശോധിച്ചത്.