കോയമ്പത്തൂർ: ഒരു മണിക്കൂറിനുമേൽ മൊബൈൽ ഫോണിൽ സിഗ്നൽ ഇല്ലാതിരുന്നാൽ ഫോൺ ഉടമ ജാഗരൂകരാകണമെന്നും ഇല്ലെങ്കിൽ സിം കാർഡ് ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടിൽനിന്നും പണം മോഷ്ടിക്കപ്പെടുമെന്നും സൈബർ സെൽ ഉപഭോക്താക്കൾക്കു മുന്നറിയിപ്പുനല്‍കി.
സൈബർ സെൽ അധികൃതർ അടുത്തിടെ പിടികൂടിയ മോഷണസംഘത്തിൽനിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ മുന്നറിയിപ്പ്. ബാങ്കിൽനിന്നും പണം എടുക്കുമ്പോഴും നിക്ഷേപിക്കുമ്പോഴും ഫോണിലേക്കുവരുന്ന മെസേജുകൾ നോട്ടമിട്ട് അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ച് ഫോൺ സിം താത്കാലികമായി കട്ടാക്കി അക്കൗണ്ടിൽനിന്നും പണമെടുക്കുകയാണ് ചെയ്യുന്നത്.
ഇതിനായി സിം കാർഡ് വില്‍ക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരും തട്ടിപ്പുകാരെ സഹായിക്കും.ഈ സാഹചര്യത്തിൽ ഫോണിൽ സിഗ്നൽ ഇല്ലെങ്കിൽ ഉടമസ്ഥർ ശ്രദ്ധിക്കണമെന്നും അല്ലെങ്കിൽ ഇത്തരം തട്ടിപ്പു നടക്കാൻ സാധ്യതയുണ്ടെന്നും സൈബർ സെൽ അധികൃതർ പറഞ്ഞു.