ജോർജ് കള്ളിവയലിൽ
ന്യൂഡല്‍ഹി: രാജ്യത്തെ പ്രധാന പൊതു, സ്വകാര്യ വാണിജ്യ ബാങ്കുകള്‍ ഉപഭോക്താക്കളെ കൊള്ളയടിക്കുന്നതിനെതിരേ പ്രതിഷേധം വ്യാപകം. ഇതുവരെ സൗജന്യമായിരുന്ന പല കാഷ് ഇടപാടുകള്‍ക്കും അമിതചാര്‍ജും പിഴയും ഈടാക്കി തുടങ്ങിയപ്പോഴും കേന്ദ്രസര്‍ക്കാര്‍ കര്‍ക്കശ നടപടിക്കു തയാറായിട്ടില്ല. പകരം പിഴയും എടിഎം ചാര്‍ജുകളും ഒഴിവാക്കാന്‍ ബാങ്കുകളോട് ഉപദേശിച്ചു തലയൂരുകയാണ്. റിസര്‍വ് ബാങ്കും ഇക്കാര്യത്തില്‍ മൗനം തുടരുകയാണ്.
ഏപ്രില്‍ ഒന്നു മുതല്‍ അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലാത്തവരില്‍നിന്നു 100 രൂപ വരെ പ്രതിമാസം പിഴയും ഇതിന്റെ സര്‍വീസ് ചാര്‍ജും ഈടാക്കാനായിരുന്നു എസ്ബിഐ തീരുമാനം. ഈ തീരുമാനം പുനഃപരിശോധിക്കണമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട് കേന്ദ്രം ഇന്നലെ അഭ്യര്‍ഥിച്ചു. എടിഎമ്മുകളില്‍നിന്നു നിശ്ചിത തവണയില്‍ കൂടുതല്‍ പണം പിന്‍വലിക്കുന്നതിനും കാഷ് ഇടപാടുകള്‍ക്കുമുള്ള അധിക ചാര്‍ജുകളും പുനഃപരിശോധിക്കണമെന്ന് സ്വകാര്യ മേഖലയിലേത് അടക്കമുള്ള എല്ലാ ബാങ്കുകളോടും കേന്ദ്രം അഭ്യര്‍ഥിച്ചു. എന്നാല്‍, ഇക്കാര്യത്തില്‍ പല ബാങ്കുകളും അധിക ചാര്‍ജ് ഈടാക്കി ത്തുടങ്ങിക്കഴിഞ്ഞു.
സാധാരണക്കാരുടെ സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളില്‍ കുറഞ്ഞ തുക ബാലന്‍സ് ഇല്ലെങ്കില്‍ പിഴ ഈടാക്കുന്ന സന്പ്രദായം എസ്ബിഐ പെട്ടെന്ന് വീണ്ടും ഏര്‍പ്പെടുത്തിയതിനെതിരേ പ്രതിഷേധം രൂക്ഷമാകുന്നതിനെ തുടര്‍ന്നാണു സര്‍ക്കാരിന്റെ പുതിയ നിര്‍ദേശം. കുറഞ്ഞ തുക ബാങ്ക് അക്കൗണ്ടില്‍ നിലനിര്‍ത്തണമെന്ന വ്യവസ്ഥയും ഇല്ലെങ്കില്‍ പിഴ ഈടാക്കുന്നതും കൊള്ളയടിക്കുന്നതിനു തുല്യമാണെന്ന് ഇടപാടുകാര്‍ ചൂണ്ടിക്കാട്ടി. മൂന്നു തവണയില്‍ കൂടുതല്‍ കറന്‍സി നിക്ഷേപിക്കുന്നതിനും എസ്ബിഐ ചാര്‍ജ് ഏര്‍പ്പെടുത്തിയിരുന്നു. പിന്നീടുള്ള ഓരോ നിക്ഷേപത്തിനും 50 രൂപ വീതമാണ് ഉപഭോക്താവിനെ ബാങ്ക് കൊള്ളയടിക്കുന്നത്. എടിഎമ്മുകളില്‍നിന്നു നിശ്ചിത തവണയില്‍ കൂടുതല്‍ രൂപ പിന്‍വലിക്കുന്നതിനും ബാങ്കുകള്‍ ചാര്‍ജ് ഏര്‍പ്പെടുത്തിയതും വ്യാപക പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്.
എസ്ബിഐ, ഐസിഐസിഐ, ആക്സിസ്, എച്ച്ഡിഎഫ്സി അടക്കമുള്ള പ്രമുഖ ബാങ്കുകള്‍ എടിഎം നിയന്ത്രണവും ചാര്‍ജും ഈടാക്കി തുടങ്ങിയിരുന്നു. എസ്ബിഐ, ആക്സിസ് ബാങ്കുകള്‍ അഞ്ചു തവണ സൗജന്യം അനുവദിച്ചപ്പോള്‍ എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്കുകള്‍ നാലു തവണയില്‍ എടിഎം ഉപയോഗിക്കുന്നതിന് 150 രൂപ വരെ ഓരോ തവണയും ചാര്‍ജ് ഈടാക്കും. സേവിംഗ്സ്, ശന്പള അക്കൗണ്ടുകള്‍ക്കു ചാര്‍ജ് ബാധകമാണ്.
പുതിയ ബാങ്കിംഗ് നിരക്ക്: ഏപ്രില്‍ ഒന്നു മുതല്‍ എത്ര നല്‍കണം!
ന്യൂഡല്‍ഹി: ഇന്ത്യന്‍ പൊതുമേഖലാ ബാങ്കായ എസ്ബിഐ ബാങ്കിംഗ് നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചതിനു പിന്നാലെ മറ്റു ബാങ്കുകളും നിരക്കില്‍ മാറ്റം വരുത്തി. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്കുകളാണ് ഇന്നലെ പുതിയ നിരക്ക് പ്രഖ്യാപിച്ചത്. വരും ദിവസങ്ങളില്‍ മറ്റു ബാങ്കുകളും നിരക്കില്‍ മാറ്റം വരുത്തിയേക്കും. ജനങ്ങളുടെ കറന്‍സി ഇടപാടുകള്‍ കുറച്ച് ഓണ്‍ലൈന്‍ ഇടപാടുകള്‍ വ്യാപിപ്പിക്കുക എന്ന ലക്ഷ്യം പുതിയ നീക്കത്തിനു പിന്നിലുണ്ട്.
ഏപ്രില്‍ ഒന്നു മുതലുള്ള ഇടപാടുകളില്‍ വരുന്ന മാറ്റങ്ങള്‍
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
1. സേവിംഗ് ബാങ്ക് അക്കൗണ്ടില്‍ ഒരു മാസം തുക നിക്ഷേപിക്കാവുന്ന തവണകളുടെ എണ്ണം മൂന്നായി നിജപ്പെടുത്തി. മൂന്നില്‍ കൂടിയാല്‍ ഓരോ ഇടപാടിനും 50 രൂപ സര്‍വീസ് ടാക്സ് ഈടാക്കും.
2. എസ്ബിഐ അക്കൗണ്ട് ഉടമകള്‍ മിനിമം ബാലന്‍സ് അക്കൗണ്ടില്‍ സൂക്ഷിച്ചില്ലെങ്കില്‍ പിഴ ഈടാക്കും. ഗ്രാമപ്രദേശങ്ങളില്‍ പിഴത്തുക കുറയും.
3. മെട്രോപൊളിറ്റന്‍ ഏരിയകളില്‍ അക്കൗണ്ടിലെ തുക മിനിമം ബാലന്‍സായ 5000 രൂപയുടെ 75 ശതമാനത്തില്‍ താഴെ പോയാല്‍ 100 രൂപയോ അതിലധികമോ സര്‍വീസ് ടാക്സ് നല്‍കേണ്ടിവരും.
4. മറ്റു ബാങ്കുകളില്‍നിന്നുള്ള എംടിഎം ഇടപാട് മാസത്തില്‍ മൂന്നു പ്രാവശ്യത്തില്‍ കൂടുതലായാല്‍ 20 രൂപ ഈടാക്കും. എസ്ബിഐ എടിഎമ്മുകളാണ് ഉപയോഗിക്കുന്നതെങ്കില്‍ അഞ്ചു തവണയില്‍ കൂടുതലായാല്‍ 10 രൂപ ഈടാക്കും.
5. മൂന്നു മാസം 25,000 രൂപയില്‍ കൂടുതല്‍ തുക അക്കൗണ്ടിലുള്ളവര്‍ക്ക് സ്വന്തം എടിഎമ്മില്‍നിന്നു പണം പിന്‍വലിച്ചാല്‍ ചാര്‍ജ് ഈടാക്കില്ല. അതുപോലെ ഒരു ലക്ഷത്തില്‍ കൂടുതല്‍ ബാങ്ക് ബാലന്‍സ് ഉള്ളവര്‍ മറ്റു ബാങ്കുകളുടെ എടിഎമ്മില്‍നിന്നു പിന്‍വലിച്ചാലും ചാര്‍ജ് ഈടാക്കില്ല.
6. മൂന്നു മാസം 25,000 രൂപ വരെ അക്കൗണ്ടുകളിലുള്ളവര്ക്ക് എസ്എംഎസ് അലേര്‍ട്ടുകള്‍ക്ക് 15 രൂപ ഈടാക്കും. 1000 രൂപ വരെയുള്ള യുപിഐ/യുഎസ്എസ്ഡി ഇടപാടുകള്‍ക്ക് ചാര്‍ജില്ല.
ആക്സിസ് ബാങ്ക്
1. നിക്ഷേപവും പിന്‍വലിക്കലും ഉള്‍പ്പെടെ ഒരു മാസം അഞ്ചു തവണ സൗജന്യ ഇടപാടുകള്‍. അതു കഴിഞ്ഞാല്‍ ഓരോ ഇടപാടിനും 95 രൂപ ഇടാക്കും.
2. ഒരു മാസം 50,000 രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് അഞ്ച് ഇടപാടുകള്‍ സൗജന്യം. ഇതിനു ശേഷമുള്ള നിക്ഷേപങ്ങള്‍ക്ക് 1000 രൂപയ്ക്ക് 2.5 രൂപ എന്ന നിരക്കിലോ 95 രൂപ എന്ന നിരക്കിലോ ഈടാക്കും. ഏറ്റവും കൂടിയത് ഏതാണോ അതാണ് ഈടാക്കുക.
എച്ച്ഡിഎഫ്സി ബാങ്ക്
1. ഒരു മാസം നിക്ഷേപവും പിന്‍വലിക്കലുമുള്‍പ്പെടെ നാല് സൗജന്യ ഇടപാടുകള്‍ക്കു ശേഷം ഓരോ ഇടപാടിനും 150 രൂപ വച്ച് ഈടാക്കും.
2. പുതിയ നിരക്കുകള്‍ ഒരുപോലെ സേവിംഗ്സിനും സാലറി അക്കൗണ്ടുകള്‍ക്കും ബാധകമായിരിക്കും.
3. ഹോം ബ്രാഞ്ചില്‍ ഒരു ദിവസം രണ്ടു ലക്ഷം രൂപ വരെ സൗജന്യമായി നിക്ഷേപിക്കാനോ പിന്‍വലിക്കാനോ കഴിയും. രണ്ടു ലക്ഷത്തിനു മുകളിലാണെങ്കില്‍ 1000 രൂപയ്ക്ക് അഞ്ചു രൂപ വച്ചോ അല്ലെങ്കില്‍ 150 രൂപയോ ഈടാക്കും.
4. ഹോം ബ്രാഞ്ച് അല്ലെങ്കില്‍ ഒരു ദിവസം 25,000 രൂപ വരെ പിന്‍വലിക്കാം. ഇതില്‍ കൂടിയാല്‍ 1000 രൂപയ്ക്ക് അഞ്ചു രൂപ വച്ചോ അല്ലെങ്കില്‍ 150 രൂപയോ ഈടാക്കും.
ഐസിഐസിഐ ബാങ്ക്
1. ഒരു മാസം ഹോം സിറ്റിയിലെ ബ്രാഞ്ചുകളിലുള്ള നാല് ഇടപാടുകള്‍ സൗജന്യം. ഇതില്‍ കൂടിയാല്‍ 1000 രൂപയ്ക്ക് അഞ്ചു രൂപ വച്ചോ അല്ലെങ്കില്‍ 150 രൂപയോ ഈടാക്കും. മിനിമം 150 രൂപ.
2. ഹോം ബ്രാഞ്ച് അല്ലെങ്കില്‍ ഒരു ഇടപാട് സൗജന്യം. അതിനു ശേഷം 1000 രൂപയ്ക്ക് അഞ്ചു രൂപ വച്ചോ അല്ലെങ്കില്‍ 150 രൂപയോ ഈടാക്കും. മിനിമം 150 രൂപ.
3. കാഷ് ഡെപ്പോസിറ്റുകള്‍ക്ക് 1000 രൂപയ്ക്ക് അഞ്ചു രൂപ വച്ച് ഈടാക്കും (മിനിമം ചാര്‍ജ് 150 രൂപ). കാഷ് ഡെപ്പോസിറ്റ് മെഷീനിലാണെങ്കില്‍ മാസത്തില്‍ ഒരു തവണ സൗജന്യമായിരിക്കും. ശേഷം 1000 രൂപയ്ക്ക് അഞ്ചു രൂപ വച്ച് ഈടാക്കും.
പിഴിയുന്നത് സാധാരണക്കാരെ
മെട്രോ നഗരങ്ങളില്‍ എസ്ബി അക്കൗണ്ടില്‍ ചുരുങ്ങിയത് 5,000 രൂപ മിച്ചം വേണമെന്നും പ്രതിമാസ ശരാശരി വളരെ കുറഞ്ഞാല്‍ 100 രൂപയും സര്‍വീസ് ചാര്‍ജും പിഴ ഈടാക്കാനും ആണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനം. മിനിമം ബാലന്‍സ് ശരാശരി 50നും 75നും ശതമാനത്തിന് ഇടയില്‍ കുറഞ്ഞാല്‍ 75 രൂപയും പകുതിയില്‍ (2,500 രൂപ) കുറവെങ്കില്‍ 50 രൂപ പിഴ ഈടാക്കുമെന്നും സ്റ്റേറ്റ് ബാങ്കിന്റെ വെബ്സൈറ്റ് പറയുന്നു. നഗരപ്രദേശങ്ങളില്‍ 3000 രൂപയും ചെറുനഗരങ്ങളില്‍ 2000 രൂപയും ഗ്രാമങ്ങളില്‍ 1000 രൂപയുമാണ് എസ്ബിഐ നിശ്ചയിച്ചിരിക്കുന്ന മിനിമം ബാലന്‍സ് തുക. ഇല്ലെങ്കില്‍ നഗരപ്രദേശങ്ങളില്‍ യഥാക്രമം 80, 60, 40 രൂപ വീതവും സര്‍വീസ് ചാര്‍ജും ബാങ്കുകള്‍ ഈടാക്കും. മറ്റു പ്രദേശങ്ങളിലും ആനുപാതിക ചാര്‍ജ് ഈടാക്കും.
എടിഎം
മറ്റു ബാങ്കുകളില്‍നിന്നുള്ള എംടിഎം ഇടപാട് മാസത്തില്‍ മൂന്നു പ്രാവശ്യത്തില്‍ കൂടുതലായാല്‍ 20 രൂപ ഈടാക്കാനാണ് തീരുമാനം. എസ്ബിഐ എടിഎമ്മുകളാണ് ഉപയോഗിക്കുന്നതെങ്കില്‍ അഞ്ചു തവണയില്‍ കൂടുതലായാല്‍ 10 രൂപ ഈടാക്കും. എന്നാല്‍, മൂന്നു മാസം 25,000 രൂപയില്‍ കൂടുതല്‍ തുക അക്കൗണ്ടിലുള്ളവര്‍ക്ക് സ്വന്തം എടിഎമ്മില്‍നിന്നു പണം പിന്‍വലിച്ചാല്‍ ചാര്‍ജ് ഈടാക്കില്ല. അതുപോലെ ഒരു ലക്ഷത്തില്‍ കൂടുതല്‍ ബാങ്ക് ബാലന്‍സ് ഉള്ളവര്‍ മറ്റു ബാങ്കുകളുടെ എടിഎമ്മില്‍നിന്നു പിന്‍വലിച്ചാലും ചാര്‍ജ് ഈടാക്കില്ല.