മുംബൈ: അഞ്ച് അസോസ്യേറ്റ് ബാങ്കുകൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിച്ചതിനു പിന്നാലെ ബാങ്കിംഗ് മേഖലയിൽ ഇനിയും ലയനങ്ങൾക്കു സാധ്യതയേറുന്നു. ബാങ്ക് ഓഫ് ബറോഡ, കനറ ബാങ്ക് തുടങ്ങിയ പൊതു മേഖലാ ബാങ്കുകൾ വിജയ ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, ദേന ബാങ്ക്, യൂക്കോ ബാങ്ക് പോലുള്ള ചെറു ബാങ്കുകളെ ഏറ്റെടുക്കുമെന്നാണ് സൂചന.
സാന്പത്തികസ്ഥിരത, നിഷ്ക്രിയ ആസ്തി, സാങ്കേതികവിദ്യാ ഉദ്ഗ്രഥനം, അടിസ്ഥാന സൗകര്യങ്ങൾ, ജീവനക്കാർ തുടങ്ങിയവയാണ് ലയനത്തിന്റെ ഘടകങ്ങൾ. ലയനത്തോടെ ബ്രാഞ്ചുകളുടെ എണ്ണം കുറയുമെങ്കിലും തൊഴിൽ നഷ്ടമുണ്ടാവില്ലെന്നാണ് അധികൃതർ നല്കുന്ന ഉറപ്പ്.
കിട്ടാക്കടങ്ങൾ പെരുകുന്നതാണ് ബാങ്കുകളുടെ ലയനത്തിന്റെ അടിസ്ഥാന കാരണം. ലയനത്തോടെ വലിയ ശക്തിയാകുന്നതുവഴി കിട്ടാക്കടത്തിന്റെ തോത് ഒരു പരിധിവരെ കുറയ്ക്കാനാകുമെന്നാണ് കരുതുന്നത്. പൊതുമേഖലാ ബാങ്കുകൾക്ക് ഏകദേശം ആറു ലക്ഷം കോടി രൂപയുടെ നിഷ്ക്രിയ ആസ്തിയാണുള്ളത്.
2016-17 സാന്പത്തികവർഷം ബാങ്ക് ഓഫ് ബറോഡയുടെ അറ്റാദായം 1,383 കോടി രൂപയാണ്. തൊട്ടു തലേ വർഷം 2,813 കോടി രൂപയുടെ നഷ്ടമുണ്ടായിരുന്നു. അതേസമയം നിഷ്ക്രിയ ആസ്തി 5.4 ശതമാനം വർധിച്ച് 42,719 കോടി രൂപയായി.കനറാ ബാങ്കാവട്ടെ 1,122 കോടി ലാഭമാണ് 2016-17 സാന്പത്തികവർഷം നേടിയത്. നിഷ്ക്രിയ ആസ്തി 8.1 ശതമാനം വർധിച്ച് 34,202 കോടി രൂപയായി.