കൊച്ചി: ഓണ്ലൈന് ട്രേഡിംഗിലൂടെ ബാങ്ക് മാനേജറുടെ 40 ലക്ഷം രൂപ തട്ടിയെടുത്ത മൂന്നംഗ സംഘം അറസ്റ്റില്. ആലപ്പുഴ ചന്തിരൂര് പഴയപ്പാലം പടിഞ്ഞാറേപൊക്കാലില് പി.എല്. ഷിയാസ് (29), ആലപ്പുഴ ചന്തിരൂര് നടുവിലത്തറ നികര്ത്തില് മുഹമ്മദ് അല്ത്താഫ് ഹുസൈന് (22), മലപ്പുറം കടാഞ്ചേരി ഉളിയത്തുവളപ്പില് മുഹമ്മദ് ഷബീബ്(23) എന്നിവരെയാണ് കടവന്ത്ര പോലീസ് ഇന്സ്പെക്ടര് പി.എം. രതീഷ്, എസ്ഐ കെ. ഷാഹിന എന്നിവരുടെ നേതൃത്വത്തിലുളള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തു വരുന്നു.
ട്രേഡിംഗിലൂടെ പണം ഇരട്ടിയായി നല്കാമെന്നു വിശ്വസിപ്പിച്ചു എറണാകുളം സ്വദേശിയായ ബാങ്ക് മാനേജറുടെ കൈയില്നിന്ന് സംഘം പല തവണകളായി 40 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. ഗള്ഫ് നാടുകളില് അക്കൗണ്ടുള്ള മലയാളിയാണ് പണം തട്ടിയെടുത്തിരിക്കുന്നത്.
പണം തട്ടിയത് മ്യൂള് അക്കൗണ്ടിലൂടെ
മൂന്നു പ്രതികളുടെയും മ്യൂള് അക്കൗണ്ട് (തുച്ഛമായ പ്രതിഫലത്തിനായി ബാങ്ക് അക്കൗണ്ട് എടുത്ത് മറിച്ചു വില്ക്കുന്ന രീതി) 7,000 രൂപയ്ക്കാണ് ഗള്ഫ് മലയാളിക്ക് കൈമാറിയിരിക്കുന്നത്. ഇയാളെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ ഇന്ന് കോടതിയില് ഹാജരാക്കും.