കൈക്കൂലി വീരൻമാർ അരങ്ങ് വാഴും കാലമാണ് ഇന്ന്. ചിലർ പിടിക്കപ്പെടും ചിലർ ആരുടെയോ ഭാഗ്യം കൊണ്ട് രക്ഷപെടും. ലോൺ പാസാക്കാനും സ്ഥലം മാറ്റത്തിനുമൊക്കെ പല തരത്തിലാണ് മേലുദ്യോഗസ്ഥർ പണം ഊറ്റുന്നത്. എല്ലാവരെയും ആ ഗണത്തിൽ ഉൾപ്പെടുത്തണ്ട. വ്യത്യസ്തമായൊരു കൈക്കൂലിക്കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഛത്തീസ്ഗഡിലെ മസ്തൂരിയിലെ ബാങ്ക് മാനേജർക്കെതിരേയാണ് കൈക്കൂലി വാങ്ങിയെന്ന പേരിൽ പരക്കുന്ന ആരോപണം.
കോഴി വളർത്തൽ ബിസിനസ് വിപുലീകരിക്കുന്നതിനു വേണ്ടി രൂപ്ചന്ദ് മൻഹർ വായ്പ തേടി ഛത്തീസ്ഗഡിലെ മസ്തൂരിയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കിലെത്തി. ബാങ്ക് മാനേജരുമായി കർഷകൻ തന്റെ ആവശ്യത്തെ കുറിച്ച് സംസാരിച്ചു. മാനേജർ കർഷകന്റെ കാര്യം പരിഗണിക്കാമെന്ന് അദ്ദേഹത്തിനു ഉറപ്പു നൽകി. ലോൺ വേഗം കിട്ടുമല്ലോ എന്ന ആശ്വാസത്തിൽ മാനേജരോട് യാത്ര പറഞ്ഞ് ഇറങ്ങാൻ നേരം മാനേജർ തനിക്കൊരു ഡിമാൻഡ് ഉണ്ടെന്ന കാര്യം പറഞ്ഞത്.
ലോൺ പാസാക്കുന്നതിന് 10 ശതമാനം കമ്മീഷനും ദിവസേന നാടൻ കോഴിക്കറിയും പ്രതിഫലം വേണമെന്ന് ആവശ്യപ്പെട്ടു. തന്റെ ആവശ്യംമ എത്രയും വേഗം നടത്തിത്തരാനല്ലേ എന്നോർത്ത് കർഷകൻ മാനേജറുടെ ഡിമാന്ഡിന് ഓക്കെ പറഞ്ഞു.
അങ്ങനെ പല തവണകളായി 38,900 രൂപ വിലയുള്ള ചിക്കനാണ് മാനേജർക്കായി രൂപ്ചന്ദ് മൻഹർ വിളന്പിയത്. എന്നാൽ ചിക്കൻ കഴിപ്പ് തുടരുന്നതല്ലാതെ മാനേജർ ലോൺ അംഗീകരിക്കാൻ തയ്യാറായില്ല. പതിയെ ഇയാൾ തന്നെ ഒഴിവാക്കുകയാണെന്ന് കർഷകന് ബോധ്യപ്പെട്ടു. അതോടെ പരാതി കൊടുക്കാൻ തയാറാവുകയായിരുന്നു. കോഴിക്കറിയുടെ പണം പോലും മാനേജർ തനിക്ക് നൽകിയില്ലെന്ന് കർഷകൻ ആരോപിച്ചു.