വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ മുന്‍ മാനേജര്‍ മധാജയകുമാര് തട്ടിയെടുത്തത് സ്വകാര്യ പണമിടപാട് സ്ഥാപനം പണയം വച്ച സ്വര്‍ണമെന്നു ക്രൈംബ്രാഞ്ച്. ചാത്തംകണ്ടത്തില്‍ ഫൈനാന്‍സിയേഴ്സ് എന്ന സ്ഥാപനം പണയം വച്ച 26.24 കിലോ സ്വര്‍ണമാണ് ഇയാള്‍ മുക്കുപണ്ടമാക്കി മാറ്റിയത്.
250 അക്കൗണ്ടുകളിലായാണ് സ്വകാര്യ സ്ഥാപനം ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയില്‍ സ്വര്‍ണം പണയംവച്ചത്. ജൂണ്‍ പകുതിയോടെ ഇത് 78 അക്കൗണ്ടിലേക്ക് മാറ്റിവച്ചു. ഇതിലെ 42 അക്കൗണ്ടിലുണ്ടായിരുന്ന 26.24 കിലോഗ്രാം സ്വര്‍ണം മധാ ജയകുമാര്‍ എടുത്ത് പകരം മുക്കു പണ്ടംവച്ച് കുറ്റകരമായ വിശ്വാസവഞ്ചന കാണിച്ചെന്ന് ക്രൈംബ്രാഞ്ച് വടകര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമർപ്പിച്ച കസ്റ്റഡി അപേക്ഷയില്‍ പറയുന്നു.
മജിസ്ട്രേറ്റ് എ.എം. ഷീജ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടതുപോലെ ആറുദിവസത്തേക്ക് മധാ ജയകുമാറിനെ കസ്റ്റഡിയില്‍വിട്ടു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. സ്വര്‍ണം എവിടെയെന്നു കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിനു മുന്നിലുള്ള പ്രധാന വെല്ലുവിളി. ചോദ്യം ചെയ്യലുമായി ഇയാള്‍ സഹകരിക്കുന്നില്ല. സ്വര്‍ണം എവിടെയാണ് വിറ്റതെന്ന് പല തവണ ചോദിച്ചിട്ടും മാറ്റിമാറ്റി മൊഴി നല്‍കുകയാണ്.
സ്വര്‍ണം സൂക്ഷിച്ച സ്ഥലം സംബന്ധിച്ചും പോലീസിനു വിവരം കിട്ടിയിട്ടില്ല. ഇയാളുടെ വീട്ടിലും ഒളിവില്‍ കഴിഞ്ഞ കേന്ദ്രങ്ങളിലും കൊണ്ടുപോയി തെളിവെടുക്കേണ്ടതുണ്ട്. നാളെയോ മറ്റന്നാളോ അവിടേക്ക് കൊണ്ടുപോകും. ആറു ദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടത്. സ്വർണം കണ്ടെത്തുന്നതിനു ദക്ഷിണേന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തേണ്ടതുണ്ട്. കർണാടക-തെലങ്കാന അതിർത്തിയിലെ ബിദർ ഹുംനാബാദിൽനിന്നാണ് കഴിഞ്ഞദിവസം പ്രതിയെ പിടികൂടിയത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജി. ബാലചന്ദ്രന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.