കോഴിക്കോട് : സ്ക്രാച്ച് ആന്‍ഡ് വിന്നില് ലോട്ടറി അടിച്ചതിന്റെ സന്തോഷത്തില്‍ ബാങ്ക് മാനേജര്‍ക്ക് നഷ്ടമായത് 75 ലക്ഷം.
ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലിന്റെ മറവില്‍ നടന്ന തട്ടിപ്പിലാണ് ചേവായൂര്‍ പോലീസ് പരിധിയിലെ റിട്ട. ബാങ്ക് മാനേജര്‍ക്ക് മുക്കാല്‍ കോടി രൂപ നഷ്ടമായത് .
കഴിഞ്ഞ മാര്‍ച്ചില്‍ നാപ്റ്റോള്‍ ഷോപ്പിംഗ് പോര്‍ട്ടലില്‍ നിന്ന് ഓണ്‍ലൈനായി ഉത്പന്നം വാങ്ങിയതിനു പിന്നാലെ സ്പീഡ് പോസ്റ്റില്‍ സ്ക്രാച്ച് ആന്‍ഡ് വിന് കൂപ്പണോടുകൂടിയ കത്ത് ലഭിക്കുകയായിരുന്നു.
കൂപ്പണ്‍ സ്ക്രാച്ച് ചെയ്തതോടെ 75 ലക്ഷം ഓണ്‍ലൈന്‍ ലോട്ടറി അടിച്ചു. തുടര്‍ന്ന് കത്തിലെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടതോടെ തുക ലഭിക്കാന്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ആവശ്യപ്പെട്ടു.
തുക കൈമാറുന്നതിന് നികുതി മുന്‍കൂര്‍ അടക്കണമെന്നായിരുന്നു നിര്‍ദ്ദേശം. ഇതോടെ ആവശ്യപ്പെട്ടപ്രകാരം ആദ്യം 49,950 രൂപയും പിന്നീട് 4,55,000 രൂപയും ബാങ്ക് വഴി അയച്ചു.
ഇതോടെ ലോട്ടറി തുക 75 ലക്ഷമെന്നത് രണ്ടുകോടിയായിട്ടുണ്ടെന്ന് തട്ടിപ്പുകാര്‍ വിശ്വസിപ്പിച്ചു. അതിനാല്‍ നികുതി തുക കൂടി അയയ്ക്കാന്‍ ആവശ്യപ്പെട്ടു.
ഏപ്രില്‍ 20 വരെ 25 തവണയായി മൊത്തം 74,26,000 രൂപയായിരുന്നു ബാങ്ക് മാനേജര്‍ അയച്ചത്. ഒരുമിച്ച് ഒമ്പതുലക്ഷം രൂപവരെ ബാങ്ക് വഴി അയച്ചിരുന്നു.
ഒരേ അക്കൗണ്ടിലേക്ക് വന്‍ തുകകള്‍ നിക്ഷേപിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ബാങ്ക് അധികൃതര്‍ സംശയം പ്രകടിപ്പിച്ചതോടൊയണ് തട്ടിപ്പ് വ്യക്തമായിത്.
തുടര്‍ന്ന് ചേവായൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.