ബാ​ങ്ക് ഓ​ഫ് മ​ഹാ​രാ​ഷ്‌ട്രയി​ലെ സ്വ​ർ​ണ​ത്ത​ട്ടി​പ്പ്; ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ച് ക്രൈം​ബ്രാ​ഞ്ച്; സ്വർണം പണയംവച്ച സ്വ​കാ​ര്യസ്ഥാ​പ​നം നി​യ​മ​ന​ട​പ​ടി​ക​ളി​ലേ​ക്ക്

കോ​ഴി​ക്കോ​ട്: ബാ​ങ്ക് ഓ​ഫ് മ​ഹാ​രാ​ഷ്‌ട്രയു​ടെ വ​ട​ക​ര ബ്രാ​ഞ്ചി​ൽ ന​ട​ന്ന കോ​ടി​ക​ളു​ടെ സ്വ​ർ​ണ​ത്ത​ട്ടി​പ്പു കേ​സി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ സ്വ​കാ​ര്യ ധ​ന​കാ​ര്യസ്ഥാ​പ​നം നി​യ​മ ന​ട​പ​ടി​ക​ളി​ലേ​ക്കു ക​ട​ക്കു​ന്നു. ചാ​ത്തം​ക​ണ്ട​ത്തി​ൽ ഫി​നാ​ൻ​സി​യേ​ഴ്സ് ബാ​ങ്ക് ഓ​ഫ് മ​ഹാ​രാ​ഷ്ട്രയു​ടെ വ​ട​ക​ര ബ്രാ​ഞ്ചി​ൽ പ​ണ​യം വ​ച്ച 26.5 കി​ലോ​ഗ്രാം സ്വ​ർ​ണ​മാ​ണു കാ​ണാ​താ​യ​ത്.

ത​ട്ടി​പ്പു കേ​സി​ൽ ബാ​ങ്കി​ന്‍റെ മു​ൻ മാ​നേ​ജ​ർ മ​ധ ജ​യ​കു​മാ​റി​നെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. മ​ധ ബാ​ങ്കി​ൽനിന്ന് 26.5കി​ലോ സ്വ​ർ​ണം മാ​റ്റി അ​തി​നു പ​ക​രം മു​ക്കു​പ​ണ്ടം വ​ച്ച് ബാ​ങ്കി​നെ ക​ബ​ളി​പ്പി​ച്ചു​വെ​ന്ന നി​ല​വി​ലു​ള്ള മാ​നേ​ജ​രു​ടെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. അ​തി​നി​ടെ സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​നം മു​ക്കു​പ​ണ്ടം ബാ​ങ്കി​ൽ പ​ണ​യം വ​ച്ചെന്ന ത​ര​ത്തി​ൽ ചി​ല ഓ​ണ്‍​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത വ​ന്ന​തി​നെ​തി​രേ​യാ​ണ് മാ​നേ​ജ്മെ​ന്‍റ് നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത്.

മോ​ഷ്ടി​ക്ക​പ്പെ​ട്ട സ്വ​ർ​ണം എ​വി​ടെ​യാ​ണെ​ന്നു ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ക്രൈം​ബ്രാ​ഞ്ച്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക​സ്റ്റ​ഡി​യി​ലു​ള്ള പ്ര​തി​യു​മാ​യി അ​ന്വേ​ഷ​ണ സം​ഘം ഉ​ട​ൻ ത​മി​ഴ്നാ​ട്ടി​ലേ​ക്കു തി​രി​ക്കും. പ്ര​തി​യാ​യ മ​ധ ജ​യ​കു​മാ​ർ ഇ​രു​ണ്ട മു​റി​യി​ലിരുന്നു തയാറാക്കിയ വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ൽ സ്വ​കാ​ര്യ ധ​ന​സ്ഥാ​പ​ന​വും സോ​ണ​ൽ മാ​നേ​ജ​രു​മാ​ണു ത​ട്ടി​പ്പി​നു പി​ന്നി​ലെ​ന്ന് ആ​രോ​പി​ച്ചി​രു​ന്നു. ഇ​ത് കേ​സ് വ​ഴി തി​രി​ച്ചു വി​ടു​ന്ന​തി​നു വേ​ണ്ടി മ​നഃ​പൂ​ർ​വം പ്രതി ഒ​രു​ക്കി​യ കെ​ണി ആ​ണെ​ന്നാ​ണ് സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​നം ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

അ​തി​നി​ടെ ചോ​ദ്യം ചെ​യ്യ​ലു​മാ​യി മ​ധ​ ജ​യ​കു​മാ​ർ സ​ഹ​ക​രി​ക്കാ​ത്ത​ത് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ത​ല​വേ​ദ​ന സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. സ്വ​ർ​ണം എ​വി​ടെ​യാ​ണ് വി​റ്റ​തെ​ന്ന് പ​ല ത​വ​ണ ചോ​ദി​ച്ചി​ട്ടും പ​ര​സ്പ​ര വി​രു​ദ്ധ​മാ​യ മൊ​ഴി​യാ​ണ് ഇ​യാ​ൾ ആ​ദ്യം ന​ൽ​കി​യ​ത്. അ​തി​നി​ടെ മ​ധ ജ​യ​കു​മാ​റും ഭാ​ര്യ​യും ചേ​ർ​ന്ന് ഓ​ണ്‍​ലൈ​ൻ ട്രേ​ഡിം​ഗി​നാ​ണ് സ്വ​ർ​ണം ഉ​പ​യോ​ഗി​ച്ച​തെ​ന്നു അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

കേ​ര​ള​ത്തി​നു വെ​ളി​യി​ലേ​ക്കു ക​ട​ത്തി​യ സ്വ​ർ​ണം ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് വി​റ്റ​താ​യും പ​ണ​യം വ​ച്ച​താ​യും സൂ​ച​ന​യു​ണ്ട്. ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ വ്യ​ക്ത​ത വ​രു​ത്താ​ൻ പ്ര​തി​യെ​യും കൂ​ട്ടി അ​ന്വേ​ഷ​ണ സം​ഘം ഇ​യാ​ളു​ടെ വീ​ട്ടി​ലും ഒ​ളി​വി​ൽ ക​ഴി​ഞ്ഞ കേ​ന്ദ്ര​ങ്ങ​ളി​ലും കൊ​ണ്ടു​പോ​യി തെ​ളി​വെ​ടു​ക്കും. ആ​റു​ദി​വ​സ​ത്തേ​ക്കു പ്ര​തിയെ കോ​ട​തി ക്രൈംബ്രാഞ്ചിന്‍റെ ക​സ്റ്റ​ഡി​യി​ൽ വി​ട്ടുന​ൽ​കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment